നിലയ്ക്കല്‍: ശബരിമലയിലും പരിസരത്തും നിലയുറപ്പിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. എന്നാല്‍ ഭക്തര്‍ക്കൊപ്പം രണ്ട് ദിവസം കഴിഞ്ഞ് താന്‍ വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിനായി മരക്കൂട്ടത്ത് എത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയെ ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.

തുലാമാസ പൂജകള്‍ക്കായി നട തുറപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാന്‍ ചിലര്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുല്‍ വീണ്ടും അറസ്റ്റിലായിരുന്നു. ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെ പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട ശേഷം രാഹുല്‍ മടങ്ങി.

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ശശികലയെ വിട്ടയയ്ക്കുന്നതു വരെ ഹര്‍ത്താല്‍ തുടരുമെന്നും കേരളം സ്തംഭിപ്പിക്കുമെന്നുമാണ് പ്രക്ഷോപകരുടെ മുന്നറിയിപ്പ്. ഹര്‍ത്താലിന് ബിജെപിയും പിന്തുണ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.