പമ്പ: ശബരിമല സ്ത്രീ പ്രവേശനവിധിക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയില്ലെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ തമിഴ് സ്ത്രീയെയും ബന്ധുവിനെയും ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചത്. പ്രതിഷേധക്കാര്‍ നിയമം കൈയ്യിലെടുത്തിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപമുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണെന്നാണ് വിവരം.
വനിതാ പൊലീസുകാര്‍ അടക്കമുള്ള പൊലീസ് സംഘം നോക്കിനില്‍ക്കെയാണ് ഇന്നലെ രാത്രി എട്ടരയോടെ പമ്പയിലേക്ക് പോയ ബസില്‍ നിന്നും തമിഴ് സ്ത്രീയെയും ബന്ധുവിനെയും പ്രതിഷേധക്കാര്‍ ഇറക്കിവിട്ടത്. പിന്നീട് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ രക്ഷിച്ച് വാഹനത്തില്‍ കയറ്റിയത്. ഇവര്‍ ശബരിമലയിലേക്ക് പോകാന്‍ എത്തിയവരാണോ എന്ന് വ്യക്തമല്ല.
ഇന്നലെ രാവിലെ മുതല്‍ തന്നെ പമ്പയിലേക്ക് പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടാന്‍ പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. രാവിലെ 11 മണിക്ക് എത്തിയ ബസില്‍ നിന്നും മാധ്യമ വിദ്യാര്‍ത്ഥിനികളെ സമരക്കാര്‍ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് നിയമം കൈയ്യിലെടുത്തുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസുകാരെയും നിലയ്ക്കലിൽ നിയോഗിച്ചിരുന്നു.