പത്തനംതിട്ട: ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ 52കാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ് സൂരജിനെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയേയും കുടുംബത്തേയും സൂരജും സംഘവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ‘അടിച്ചുകൊല്ലെടാ അവളെ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി സംഘം ഇവര്‍ക്കു നേരെ എത്തിയത്. പൊലീസിന്റെ കരവലയത്തിലുള്ള ലളിതയെ ഒരുവിധത്തിലാണ് രക്ഷിച്ചുകൊണ്ടുവന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More: ‘അടിച്ചു കൊല്ലെടാ അവളെ’; ദര്‍ശനത്തിനെത്തിയ 52കാരിക്കെതിരെ കൊലവിളി; വീഡിയോ

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയായ സൂരജാണ് സംഭവത്തിലെ മുഖ്യപ്രതി. കേസില്‍ മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും.

ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. സംഘര്‍ഷം കനത്തതോടെ പൊലീസ് ലളിതയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. അവിടെ രേഖകള്‍ പരിശോധിച്ചു. 52 വയസ്സുണ്ടെന്നു പൊലീസ് സ്പെഷല്‍ ഓഫിസര്‍ പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും ഇവരെ പതിനെട്ടാം പടി കയറുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ വിലക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ