ശബരിമല നടപന്തലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് പ്രവർത്തകന് സസ്പെൻഷൻ. മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആര്‍. രാജേഷിനെയാണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്.

കേസിൽ ഒന്നാം പ്രതിയായി രാജേഷ് റിമാൻഡിലായ സാഹചര്യത്തിലാണ് സസ്പെൻഷൻ. രാജേഷ് നിരോധനാജ്ഞ ലംഘിച്ച്, സംഘം ചേർന്ന് ക്രമസമാധാന നില തകർക്കുകയും പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മ്മസമിതി കണ്‍വീനറാണ് രാജേഷ്. രാജേഷാണ് സന്നിധാനത്തെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത ദേവിയെ സന്നിധാനത്ത് തടയുന്നവരുടെ കൂട്ടത്തിൽ രാജേഷും ഉണ്ടായിരുന്നു.

ഞായറാഴ്ച രാത്രി 10.30 ന് ഹരിവരാസനം പാടി ശബരിമല നട അടച്ചപ്പോഴാണ് സന്നിധാനത്ത് അപ്രതീക്ഷിത സംഘർഷം ഉണ്ടായത്. സന്നിധാനത്ത് രാത്രി വിരി വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവയ്ക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. എന്നാൽ ബുക്ക് ചെയ്തിട്ടില്ലെന്ന് സംശയം തോന്നിയവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും അതിനാൽ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് എസ്‌പി പ്രതീഷ് കുമാർ ഉൾപ്പെടെയുള്ള പൊലീസ് സംഘം ഇവരോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധം അവസാനിപ്പിക്കാൻ ഇവർ തയാറായില്ല.

ആർഎസ്എസ് നേതാവ് ആർ.രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. നടയടച്ച ശേഷവും പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആദ്യം അറസ്റ്റിന് വഴങ്ങിയെങ്കിലും പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ചതിനാൽ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ