ശബരിമല: നിരോധനാജ്ഞ ലംഘിച്ച് ശബരിമല സന്നിധാനത്ത് അറസ്റ്റിലായി മോചിതയായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല വീണ്ടും ശബരിമലയിലേക്ക്. കൊച്ചുമക്കളുടെ ചോറൂണിനായാണ് താന്‍ ശബരിമലയിലേക്ക് വന്നതെന്നാണ് ശശികല വ്യക്തമാക്കിയത്. അതേസമയം, എസ്.പി.യതീഷ് ചന്ദ്ര ശശികലയുമായി സംസാരിച്ചു. യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്നും ദര്‍ശനം നടത്തി മടങ്ങുമെന്നും ശശികല ഉറപ്പ് പറഞ്ഞതായി എസ്‌പി വ്യക്തമാക്കി.

ശശികലക്ക് ശബരിമലയ്ക്കു പോകാൻ തടസ്സമില്ലെന്നും എന്നാൽ അവിടെ തങ്ങാൻ ആകില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് നിർദേശം അംഗീകരിച്ച ശശികല നോട്ടീസ് കൈപറ്റി. ഇന്നലെ അര്‍ദ്ധരാത്രി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വിരിവയ്ക്കാൻ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് വലിയ നടപ്പന്തലിൽ പ്രതിഷേധമുണ്ടായത്. പെരുമ്പാവൂരിലെ ആർഎസ്എസ് നേതാവായ ആർ.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാല്‍പതോളമാളുകളെയാണ് അറസ്റ്റ് ചെയ്തത്. കാൽനടയായി പമ്പയിലെത്തിച്ച ഇവരെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി.

രാത്രി പത്തരയോടെയാണ് സന്നിധാനത്ത് അപ്രതീക്ഷിതമായി പ്രതിഷേധമുണ്ടായത്. വിരിവയ്ക്കുന്നതിലടക്കം പൊലീസ് നിയന്ത്രണം സന്നിധാനത്ത് തുടരുന്നുണ്ട്. സംഘപരിവാർ സംഘടനയായ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആർഎസ്എസ് നേതാവ് ആർ.രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി.

നടയടച്ച ശേഷവും പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആദ്യം അറസ്റ്റിന് വഴങ്ങിയെങ്കിലും പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ചതിനാൽ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.