തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്തുളള ശബ്ദസന്ദേശം ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പുറത്തുവിട്ടു ഇരുമുടി കെട്ടുപോലെ തോന്നിക്കുന്ന ഭാണ്ഡവുമായി എത്താൻ എഎച്ച്പി ആഹ്വാനം ചെയ്യുന്ന സന്ദേശമാണ് മന്ത്രി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. ഒരു മാല കഴുത്തിലിട്ട് വേണം സന്നിധാനത്ത് എത്താനെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ശബരിമലയിൽ കലാപമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാപകാരികളെ തടയുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യം സർക്കാരിനില്ല. സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്ന് സർക്കാരിന് നിർബന്ധമില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന വഴിയേ സർക്കാരിന് മുന്നിലുളളൂവെന്നും മന്ത്രി പറഞ്ഞു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ശബരിമലയിൽ കലാപ ആഹ്വാനം നടത്താതെ കേന്ദ്രസർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കുകയാണ് വേണ്ടത്. സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ കഴിയില്ല. സുപ്രീം കോടതി വിധി മറികടന്നുളള ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിനേ കഴിയൂ. രാഷ്ട്രീയ ലാഭവും വോട്ട് ബാങ്കും ലക്ഷ്യമിട്ട് ശബരിമലയെ കലാപ ഭൂമിയാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അതിനിടെ, ശബരിമലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇടുമുടി കെട്ടെന്ന വ്യാജേന തലയിൽ ഭാണ്ഡവുമായി പ്രതിഷേധക്കാർ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എത്തുന്ന ഇവർ പെട്ടെന്ന് കൂട്ടം ചേർന്ന് പ്രതിഷേധം അഴിച്ചുവിടുകയാണ്. യുവതികൾ എത്തിയാൽ തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. അതേസമയം, നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ