കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. മണ്ഡലകാലത്ത് ശബരിമലയില്‍ വച്ച് ഭക്തരെ മര്‍ദിക്കുകയും ബൈക്കുകള്‍ തകര്‍ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

തീര്‍ഥാടകരെ സഹായിക്കാനാണ് പൊലീസിനെ നിയോഗിക്കുന്നതെന്നും സ്തുത്യർഹമായ സേവനമാണ് സന്നിധാനത്ത് അവര്‍ നിര്‍വഹിക്കുന്നതെന്നും ഏതാനും പേരുടെ നടപടികള്‍ പൊലീസ് സേനയ്ക്ക് തന്നെ ചീത്തപ്പേരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More: ശബരിമലയില്‍ നിയമനിര്‍മ്മാണം വേണം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരന്‍പിള്ള

അക്രമം നടത്തിയ എട്ട് പൊലീസുകാരെ തിരിച്ചറിഞ്ഞെന്നും അവര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസുകാരുടെ നടപടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഏതൊക്കെ പൊലീസുകാരാണ് അതിക്രമം നടത്തിയതെന്നും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

ശബരിമല വിഷയത്തില്‍ ആരും രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കേണ്ടതില്ലെന്നും കോടതിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. പ്രശ്‌നമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ അലംഭാവം പാടില്ലെന്നും ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Read More: ‘ഈ നിലപാടാണ് ശരി’; ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വച്ച് പ്രതിഷേധ പ്രകടനങ്ങളും മറ്റും ഉണ്ടായപ്പോൾ പൊലീസ് തീർഥാടകരെയും പ്രതിഷേധക്കാരെയും അടിച്ചോടിപ്പിക്കുന്നതും ബെെക്കുകൾ തള്ളി താഴെയിടുന്നതും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരിന്നു. ഇതേ തുടർന്നുള്ള ഹർജിയിലാണ് കോടതിയുടെ ഇന്നത്തെ പരാമർശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.