സന്നിധാനം: ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേയ്ക്ക് കൂടെ നീട്ടി. ഇന്ന് തീരുന്ന നിരോധനാജ്ഞ നാളെ മുതൽ ഡിസംബർ നാല് വരെ നീട്ടി. പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്.

കഴിഞ്ഞ രണ്ട് തവണയും നാല് ദിവസം വീതമാണ് നിരോധനാജ്ഞ നീട്ടിയിരുന്നത്. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് അഭിപ്രായത്തിന്റെ പേരിലാണ് നിരോധനാജ്ഞ നീട്ടി തീരുമാനമെടുത്തത്. മണ്ഡലകാലം മുഴുവൻ നിരോധനാജ്ഞ തുടരണമെന്ന നിലപാടാണ് പൊലീസിന്റേതെന്നാണ് റിപ്പോർട്ടുകൾ.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരെ സംഘപരിവാർ സംഘടനകളും കോൺഗ്രസ്സും ആരംഭിച്ച പ്രതിഷേധങ്ങൾ, പിന്നീട് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അക്രമത്തിലേക്ക് മാറിയിരുന്നു. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോഴും ആട്ട ചിത്തിരവിശേഷത്തിനായി നട തുറന്നപ്പോഴും മാധ്യമ പ്രവർത്തകരുൾപ്പടെയുളളവർ ആക്രമിക്കപ്പെട്ടു. 50 വയസ്സിൽ കൂടുതൽ പ്രായമുളള സ്ത്രീകൾക്ക് നേരെയും ആക്രമണമുണ്ടായി. ശബരിലമയും സന്നിധാനവും സംഘർഷപ്രദേശമാകുന്ന സാഹചര്യത്തിലാണ് മണ്ഡലകാല , മകരവിളക്ക് ഉത്സവകാലം ആരംഭിച്ചപ്പോൾ മുതൽ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇത് നാല് ദിവസം വീതം മൂന്നാം തവണയാണ് നീട്ടുന്നത്.

നിരോധനാജ്ഞ നടപ്പാക്കിയ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡി എഫും ബി ജെപിയും നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ