പത്തനംതിട്ട: ശബരിമല മേൽശാന്തിയായി വി.എൻ.വാസുദേവൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എം.എൻ.നാരായണൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.

പാലക്കാട് സ്വദേശിയാണ് വി.എൻ.വാസുദേവൻ നമ്പൂതിരി. നിലവിൽ,ബെംഗളുരൂ ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ് വാസുദേവൻ നമ്പൂതിരി. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെ എം.എൻ.നാരായണൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. പന്തളം രാജകൊട്ടാരത്തിൽ നിന്നെത്തിയ ഋഷികേശ് എസ്.വർമ്മ എന്ന കുട്ടിയാണ് ഇവിടെ നറുക്ക് എടുത്തത്.

പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ ദുർഗ്ഗ രാമദാസ് രാജയാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുത്തത്. ചെങ്ങന്നുർ ഇരമല്ലികര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം.എൻ.നാരയണൻ നമ്പൂതിരി. ഹൈക്കോടതി നിയോഗിച്ച ഓംബുഡ്സ്മാൻ ഭാസ്കരന്റെ നിരീക്ഷണത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് തുടങ്ങിയവരും ഇരു നറുക്കെടുപ്പുകളിലും സന്നിഹിതരായിരുന്നു.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് (നവംബര്‍16) ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് ക്ഷേത്ര ശ്രീകോവിലേയ്ക്ക് ആനയിക്കും. ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി കണ്ഠരര് രാജീവരര് ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും.

വൃശ്ചികം ഒന്നിന് (നവംബര്‍ 17 ന്) ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയായിരിക്കും. അഞ്ച് ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.