പമ്പ: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി തന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന് തടസ്സമല്ലന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. വിധിയിൽ ആശങ്കയില്ലെന്നും, എല്ലാം നന്നായി വരട്ടേയെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം തന്റെ ജോലി നല്ല രീതിയിൽ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. മണ്ഡലകാലം സമാധാനപരമായി അവസാനിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞു.

അതേസമയം, ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ യോഗം നിർണ്ണായകമാണ്.

സർവകക്ഷി യോഗത്തിൽ കോൺഗ്രസും ബിജെപിയും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന് സർവകക്ഷിയോഗത്തിൽ മുൻവിധികൾ ഇല്ല എന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. സർവകക്ഷി യോഗത്തിന് പുറമെ ശബരിമലയിലെ തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.