കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് സംസ്ഥാനത്ത് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്ക് മേൽ 1097 കേസുകൾ ചുമത്തും. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിലെല്ലാം നേതാക്കളെ പ്രതിചേർക്കുമെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

ശബരിമല കർമ്മസമിതി പ്രസിഡന്റ് ഗോവിന്ദ് ഭരതൻ, ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ, വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ.ടി.പി. സെൻകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, വി. മുരളീധരൻ എം.പി, ഒ. രാജഗോപാൽ എം.എൽ.എ, ആർ.എസ്.എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി. മേനോൻ എന്നിവരെയാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പ്രതിയാക്കും.

ഹർത്താലിൽ അക്രമമുണ്ടായാൽ, ഹർത്താലിന് ആഹ്വാനം ചെയ്ത പാർട്ടിയുടെ ഉത്തരവാദികളായ നേതാക്കൾ 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാവണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണം. നഷ്ടം ഇവരിൽ നിന്ന് ഈടാക്കി ഇരകൾക്ക് നൽകണമെന്നുമാണ് കോടതി വിധി.

അതേസമയം കേരളത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു നേതാവും പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയോ ചോദ്യം ചെയ്യലിന് വിധേയരാവുകയോ ചെയ്തിട്ടില്ല. പൊലീസ് അന്വേഷണത്തിൽ അക്രമങ്ങളിൽ നേതാക്കൾക്കും പങ്കുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതിനാൽ എല്ലാ കേസുകളിലും പ്രതിയാക്കാനാണ് നീക്കം.

കടകൾ അടപ്പിക്കൽ, ഗതാഗതം തടസപ്പെടുത്തൽ, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് തകർക്കൽ, പൊലീസിനെ ആക്രമിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി ജാമ്യമില്ലാത്ത കുറ്റങ്ങളടക്കമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജനുവരി രണ്ടിന് നടന്ന അക്രമങ്ങളിൽ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 1.06 കോടി രൂപയുടെ സ്വകാര്യമുതലും നശിപ്പിക്കപ്പെട്ടെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ജനുവരി രണ്ട്, മൂന്നു തീയതികളിൽ നടന്ന അക്രമങ്ങളിൽ 150 പൊലീസുകാർക്കും 141 സാധാരണക്കാർക്കും 11 സർക്കാർ ജീവനക്കാർക്കും പരിക്കേറ്റെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.