നിലയ്ക്കൽ: ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കിയത്. ഇതോടെ പമ്പയിൽനിന്നും ഏതു സമയത്തും തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പോകാം. നേരത്തെ രാത്രി ഒൻപതിനും പുലർച്ചെ രണ്ടിനും മധ്യേ അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല.

ശബരിമലയിലുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ നിലയ്ക്കലിൽ രാത്രി എത്തുന്ന ഭക്തർക്ക് അവിടെ തങ്ങേണ്ട അവസ്ഥയായിരുന്നു. സന്നിധാനത്ത് നടപ്പന്തലിൽ തങ്ങുന്നതിനുളള നിയന്ത്രണവും നീക്കി. ഇതോടെ അയ്യപ്പന്മാർക്ക് സന്നിധാനത്ത് തങ്ങുന്നതിനും അവസരമൊരുങ്ങി.

ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കിയത്. നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളുടെ നിയന്ത്രണവും നീക്കിയിട്ടുണ്ട്.

അതിനിടെ, ശബരിമലയിലെ നിരോധനാജ്ഞ ഇന്നു അവസാനിക്കും. നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.