തിരുവനന്തപുരം:  ശബരിമലയിലെ നിരോധനാജ്ഞ അടക്കമുളള പൊലീസ് നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.  അതിനിടെ സഭയ്ക്ക് അകത്ത് ഇന്നും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നും ചോദ്യോത്തരവേള റദ്ദാക്കി.

ശബരിമല വിഷയത്തിൽ നിയമസഭയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തുന്ന എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്നത്തെ ശൂന്യവേളയിൽ ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.

സ്പീക്കറുടെ ഡയസിന് മുന്നിൽ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിക്കുകയാണ് പ്രതിപക്ഷം.   വിഷയത്തിൽ ഇതുവരെ ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. സഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമാക്കി നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇന്ന് രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗത്തിൽ തുടർ സമര പരിപാടികളെ കുറിച്ച് അന്തിമ തീരുമാനം എടുക്കും. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് തുടരെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ പൊലീസ് നടപടികൾ പിൻവലിക്കാൻ സാധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. മുൻ മന്ത്രി വി.എസ്.ശിവകുമാർ, എംഎൽഎമാരായ പാറക്കൽ അബ്ദുള്ള, ഡോ എൻ.ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

സര്‍ക്കാര്‍ നിർമ്മിക്കുന്നത് വനിതാമതിലല്ല വർഗീയ മതിലാണ്: രമേശ് ചെന്നിത്തല

അതേസമയം, സർക്കാർ സാമൂഹ്യ-സാമുദായിക സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന വനിതാ മതിൽ പരിപാടിയെ ഇന്നലെയും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ നിർമ്മിക്കുന്നത് വനിതാമതിലല്ല വർഗീയ മതിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.

വനിതാ മതിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാര ദുർവിനിയോഗമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഎമ്മിനോ എൽഡിഎഫിനോ മതിൽ കെട്ടണമെങ്കിൽ അത് പാർട്ടി പണം ഉപയോഗിച്ചുവേണം ചെയ്യാൻ. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുളള പരിപാടിയാണെങ്കിൽ അതിന് എല്ലാ വിഭാഗങ്ങളെയും സര്‍ക്കാർ പങ്കെടുപ്പിക്കണം. ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ഇത് കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ ജീവനക്കാരായ സ്ത്രീകൾ നിർബന്ധമായും വനിതാ മതിലിന്റെ ഭാഗമാകണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. “സാലറി ചലഞ്ച് പോലെ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാർ എന്തിനുവേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടത്? പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്,” ചെന്നിത്തല ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook