ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജക്കായി ശബരിമല നട തിങ്കളാഴ്ച​ തുറക്കാനിരിക്കെ ശബരിമല പൂർണമായും പൊലീസ് നിയന്ത്രണത്തിൽ. മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. ഇലവുങ്കൽ കവലയിലാണ് മാധ്യമങ്ങളെ തടഞ്ഞത്. നിലയ്ക്കൽ ബേസ് ക്യാമ്പ് വരെ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടെന്നാണ് നേരത്തെ അറിയിച്ചത്. പ്രദേശത്തിന്റെ നിയന്ത്രണം പൂർണ്ണമായും പൊലീസ് ഏറ്റെടുത്തു.

ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശനിയാഴ്​ച അർദ്ധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽവന്നു​. നവംബർ ആറ് അർദ്ധരാത്രി വരെയാണ്​ നിരോധനാജ്ഞ. തീർഥാടകർക്ക് ദർശനത്തിനും അവരുടെ വാഹനങ്ങൾക്കും ഇളവുണ്ട്​. പമ്പയിൽനിന്ന് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റിവിടുക.

കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ദക്ഷിണ മേഖല എഡിജിപി അനിൽകാന്തി​​​നാണ് സുരക്ഷ ചുമതല. എഡിജിപി എസ്.ആനന്ദകൃഷ്ണനാണ്​ പൊലീസ് ജോയിന്റ്​​ കോ-ഓർഡിനേറ്റർ. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐജി എം.ആർ.അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐജി അശോക് യാദവും മേൽനോട്ടം വഹിക്കും. 10 വീതം എസ്‌പിമാരും ഡിവൈഎസ്‌പിമാരും ഡ്യൂട്ടിയിലുണ്ടാകും. കമാൻഡോകളടക്കം 2300 ഓളം പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

അതേസമയം, സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാൻ ബിജെപി-ആർഎസ്എസ് ശ്രമമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സന്നിധാനത്ത് അവശ്യമെങ്കിൽ വനിത പൊലീസിനെ വിന്യസിക്കും. എസ്ഐ, സിഐ റാങ്കിലുള്ള അമ്പത് വയസ് കഴിഞ്ഞ മുപ്പത് വനിത പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.

കണമല, ഇലവുങ്കൽ, വടശേരിക്കര എന്നിവിടങ്ങളിലാണ് നിലയ്ക്കലിന് താഴെ കനത്ത പൊലീസ് കാവലുള്ളത്. വാഹനങ്ങൾ എല്ലാം തന്നെ പരിശോധിച്ചാണ് പൊലീസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥി മന്ദിരം, ഡോണർ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയൽ കാർഡ് കണ്ട് വേണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ശ​ബ​രി​മ​ലയിലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ 546 കേ​സു​ക​ളി​ലാ​യി 3719 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അ​റ​സ്​​റ്റിനുള്ള സാ​ധ്യ​തയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.