തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പിലാക്കാനുളള ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. സുപ്രീം കോടതി നിലപാടിന് എതിരായി സർക്കാരിന് നിലപാട് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കും. ഈ മണ്ഡലകാലത്ത് തന്നെ അതിനുളള സൗകര്യങ്ങൾ ഒരുക്കും. കൂടുതൽ വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും വനിതാ പൊലീസുകാരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേവസ്വം ബോർഡ് റിവ്യു ഹർജി കൊടുക്കാൻ തീരുമാനമെടുത്തിട്ടില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ എല്ലാ അഭിപ്രായവും സർക്കാരിന്റേതല്ല. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം പുറത്തിറങ്ങുന്നൊരാൾ പറയുന്നതെല്ലാം സർക്കാരിന്റെ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ വീട്ടിലെ സ്ത്രീകൾ മല ചവിട്ടില്ലെന്നായിരുന്നു പത്മകുമാർ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.