തിരുവനന്തപുരം: പമ്പയിലെ നിലവിലെ സ്ഥിതിഗതികളും ശബരിമല മുന്നൊരുക്കങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. പമ്പയില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പമ്പയിലെ മു‍ഴുവന്‍ നവീകരണ പ്രവര്‍ത്തനങ്ങളും നവംബര്‍ 15 ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി.

ചികില്‍സ ക‍ഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത, വളരെ പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നായിരുന്നു ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താനായുള്ള ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ ഉന്നതല യോഗം. യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ദേവസ്വം ബോര്‍ഡ് ചീഫ് എൻജിനീയര്‍, വിവിധ വകുപ്പ് തലവന്‍മാര്‍, ടാറ്റാ കണ്‍സ്ട്രക്ഷന്‍സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പമ്പയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് യോഗത്തില്‍ വിശദീകരിച്ചു. കന്നിമാസ പൂജകള്‍ക്കായി എത്തിച്ചേര്‍ന്ന ഭക്തര്‍ക്കായി ബോര്‍ഡ്, പമ്പയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയ സംവിധാനങ്ങളും നിലയ്ക്കലിലെ സജ്ജീകരണങ്ങളും പ്രസിഡന്‍റ് യോഗത്തെ അറിയിച്ചു. അടുത്ത മാസവും നിലയ്ക്കല്‍ തന്നെ ഭക്തരുടെ ബെയ്സ് ക്യാമ്പായി തുടരുമെന്നറിയിച്ച പ്രസിഡന്‍റ് എ.പത്മകുമാര്‍ നവംബര്‍ 15 ന് മുന്‍പ് തന്നെ പമ്പയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.

അതേസമയം പമ്പയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കണം. താമസ സൗകര്യം, കുടിവെള്ള സംവിധാനം, കൂടുതല്‍ ടോയ്‌ലെറ്റ് സംവിധാനം, താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങള്‍, ഭക്തര്‍ക്ക് വിരി വയ്ക്കാനുള്ള സജ്ജീകരണം, പാര്‍ക്കിങ് വിപുലപ്പെടുത്തല്‍ തുടങ്ങിയവയും അയ്യപ്പഭക്തര്‍ക്കായി അടിയന്തരമായി ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡ് ചെയ്യേണ്ട പ്രവൃത്തികളെല്ലാം മണ്ഡല -മകരവിളക്ക് സീസണ് മുന്‍പ് തന്നെ പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്‍റ് എ.പത്മകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. റോഡുകളുടെ പണി പുരോഗമിക്കുകയാണെന്ന് പിഡബ്ല്യുഡി വകുപ്പ് അറിയിച്ചു. ഈമാസം അവസാനം വീണ്ടും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശക്തികുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വരൂപിച്ച 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.രാഘവൻ എന്നിവർ ചേർന്നാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ