പമ്പ: പതിനായിരക്കണക്കിന് ഭക്തര്‍ ശബരിമല സന്നിധാനത്ത് പ്രതീക്ഷയുടെ മകരജ്യോതി ദര്‍ശിച്ചു. 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധനയ്ക്കു ശേഷമാണു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം പമ്പയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.
6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദർശന സായൂജ്യത്തിന്റെ നിർവൃതിയിൽ സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തർക്ക് പ്രാർഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽനിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകീട്ട് ആറ് മണിയോടെ ശരംകുത്തിയിൽവെച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികൾ വൻ വരവേൽപ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. 8.45-നാണു മകരസംക്രമ പൂജ.
മകരവിളക്ക് ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ കൂടിച്ചേരുന്ന ഇടങ്ങളില്‍ ജില്ലാ ഭരണകൂടം സുരക്ഷ ഉറപ്പാക്കിയിരുന്നു. പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങള്‍ കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു.
ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ ഭക്തര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തിരക്ക് കൂട്ടാതിരിക്കാനും ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും ഭക്തര്‍ ശ്രദ്ധിക്കണം.
തിരക്ക് കൂടുതലായതിനാല്‍ തീര്‍ത്ഥാടകര്‍ക്കു വാഹന പാര്‍ക്കിങ്ങിന് അധിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ജില്ലയില്‍ മാത്രമായി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് സൗകര്യത്തിനു പുറമേ ഇടത്താവളങ്ങളില്‍ പ്രത്യേകം ഒരുക്കിയ പാര്‍ക്കിങ് ഗ്രൗണ്ടുകളും ഉപയോഗിക്കാം.
കെഎസ്ആര്‍ടിസിയുടെ അധിക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.