ശബരിമല: ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതേ തുടര്‍ന്നുള്ള വിവാദങ്ങളും നിലനില്‍ക്കുമ്പോഴും ഭക്തജന പ്രവാഹത്തിന് യാതൊരു കുറവുമില്ല. മണ്ഡലമാസ തീര്‍ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലേറെ വിശ്വാസികള്‍.

കനത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. സന്നിധാനത്തെത്തിയ അയ്യപ്പ വിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനാല്‍ നടവരവിലും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. യാതൊരു പരാതികളുമില്ലാതെ ഇത്തവണ മണ്ഡലകാലം പൂര്‍ത്തിയാകുമെന്നും നടവരവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

വൃശ്ചികം ഒന്നിന് അയ്യപ്പദർശനത്തിനെത്തിയത് അര ലക്ഷത്തിലധികം തീർഥാടകരാണെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മുപ്പത്തയ്യായിരം പേരാണ് ആദ്യദിനത്തിൽ അയ്യപ്പ ദർശനത്തിനെത്തിയത്. സന്നിധാനത്ത് മുൻ വർഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. പതിനായിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ സുരക്ഷാ സജ്ജീകരണങ്ങൾ നിയന്ത്രിക്കാൻ സേവനം ചെയ്യുന്നുണ്ട്. നടപന്തലിൽ വിരിവയ്ക്കാനും അയ്യപ്പ ഭക്തർക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്.

Read Also: പത്ത് വോട്ടിന് വേണ്ടി നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ ശ്രദ്ധിച്ചേക്കണേ; ശബരിമല ശാസ്താവിനോട് പ്രാര്‍ഥിച്ച് യു.പ്രതിഭ

യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ങ്കി​ലും ദർശനത്തിനായി യുവതികൾ എത്തിയാൽ സർക്കാർ സുരക്ഷ ഒരുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിധിയിൽ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകെെ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.