തിരുവനന്തപുരം: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീർത്ഥാടനം നടത്തുക.

ഒരു എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സന്നിധാനത്ത് വിന്യസിച്ചു. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത 250 പേർക്കാണ് നാളെ സന്നിധാനത്ത് പ്രവേശനം. ശബരിമലയിൽ എത്തുന്നതിനു 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർക്ക് വേണം. ശബരിമല തീർത്ഥാടനത്തിനു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലകയറാൻ പ്രാപ്‌തരാണെന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തരുടെ കൈയില്‍ വേണം.

Read Also: ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ശബരിമലയിൽ ഇങ്ങനെ ഒരു വിധി വരില്ലായിരുന്നു: ഉമ്മൻ ചാണ്ടി

അറുപത് വയസിന് മുകളിലുള്ളവരേയും പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും ശബരിമല ദർശനം അനുവദിക്കില്ല. തീർത്ഥാടകർക്ക് മാസ്‌ക് നിർബന്ധം. മല കയറുന്ന സമയത്ത് മാത്രം മാസ്‌ക് ഒഴിവാക്കാം. അല്ലാത്ത സമയത്തെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. പമ്പയിലും ത്രിവേണിയിലും എരുമേലിയിലും സ്‌നാനം അനുവദിക്കില്ല. എന്നാൽ, തീർത്ഥാടകർക്ക് കുളിക്കാൻ ഷവർ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്‌ക്കലിലും പമ്പയിലും സന്നിധാനത്തും വിരിവയ്‌ക്കൽ സൗകര്യം പാടില്ല. പമ്പയിൽ തിരക്ക് ഒഴിവാക്കുന്നതിന് കെട്ടുനിറ ഒഴിവാക്കണം.

മല കയറുന്ന സമയത്ത് തീർത്ഥാടകർ കൂട്ടം കൂടരുത്. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ നിർബന്ധമാണ്. ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തർക്ക് സാമൂഹിക അകലം കർശനമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook