ശബരിമല: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആറു മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭക്തർ ശബരിമല സന്നിധാനത്തെത്തുന്നത്. പുലർച്ചെ അഞ്ച് മണിയ്‌ക്ക് നട തുറന്നു. അതിനുശേഷം ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാൻ തുടങ്ങി. സാമൂഹിക അകലം പാലിച്ചാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത്.

വെർച്വൽ ക്യൂ വഴി 250 തീർത്ഥാടകർക്കാണ് ഒരു ദിവസം പ്രവേശനം. ഒക്‌ടോബർ 21 നു നട അടയ്‌ക്കും. അതുവരെ 1,250 തീർത്ഥാടകർക്ക് ശബരിമലയിൽ ദർശനം നടത്താൻ സാധിക്കും.

ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉഷഃപൂജയ്‌ക്ക് ശേഷം രാവിലെ എട്ടോടെയാണ് നറുക്കെടുപ്പ് നടന്നത്. ശബരിമല മേൽശാന്തിയായി വി.കെ.ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന ഒൻപത് പേരിൽ നിന്നാണ് ജയരാജൻ പോറ്റിയെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. നവംബർ 15 ന് മേൽശാന്തി സ്ഥാനം ഏറ്റെടുക്കും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ജയരാജ് പോറ്റി. രജികുമാർ എം.എൻ ആണ് മാളികപ്പുറം മേൽശാന്തി, അങ്കമാലി വേങ്ങൂർ സ്വദേശിയാണ്.

സന്നിധാനത്ത് വച്ചാണ് നറുക്കെടുപ്പുകൾ നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നു നിശ്ചയിച്ച കൗഷിക് കെ.വർമ, റിഷികേശ് വർമ എന്നീ കുട്ടികളാണ് നറുക്കെടുത്തത്.

Read Also:ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാരിന് കോടതി അനുമതി

ശബരിമലയിൽ എത്തുന്നതിനു 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർക്ക് വേണം. ശബരിമല തീർത്ഥാടനത്തിനു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മലകയറാൻ പ്രാപ്‌തരാണെന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തരുടെ കൈയില്‍ വേണം. 10 വയസ്സിനു താഴെയുള്ളവർക്കും  60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കില്ല. 10നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമല പ്രവേശനം അനുവദിച്ചിട്ടുള്ളത്. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്.

കെഎസ്ആർടിസി പന്തളം, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് സാധാരണ പമ്പ സർവീസുകൾ ഉണ്ടാകും. 30-ൽ കൂടുതൽ തീർഥാടകർ എത്തിയാൽമാത്രമേ അധിക ബസ് ഉണ്ടാകൂ. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഇല്ല. തീർഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. പമ്പയിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ എത്തി പാർക്കുചെയ്യണം.

നിലയ്ക്കലിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കും.  48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  ഇല്ലാത്തവർക്ക് നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.

യാത്രയിൽ മാസ്‌ക് നിർബന്ധമാണ്, സാമൂഹിക അകലം പാലിക്കണം. കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്.  മല കയറുന്ന സമയത്ത് തീർത്ഥാടകർ കൂട്ടം കൂടരുത്. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. മാസ്‌കിന് പുറമെ സാനിറ്റൈസര്‍, കൈയുറ എന്നിവ നിർബന്ധമാണ്. ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തർക്ക് സാമൂഹിക അകലം കർശനമാക്കും. മല കയറുന്ന സമയത്ത് മാത്രം മാസ്‌ക് ഒഴിവാക്കാം. അല്ലാത്ത സമയത്തെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.

പമ്പാ സ്‌നാനം ഇത്തവണ അനുവദിക്കില്ല. ഷവർ സജ്ജമാക്കിയിട്ടുണ്ട്. സത്രീകൾക്ക് പ്രത്യേക കുളിമുറി ഉണ്ടായിരിക്കും. 150 ശൗചാലയങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പമ്പയിൽനിന്ന് 100 രൂപയ്ക്ക്‌ ചൂടുവെള്ളം സ്റ്റീൽകുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പി തിരികെ നൽകി പണം വാങ്ങാം. കാനന പാതയിൽ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണവും ഉണ്ടായിരിക്കും.

ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡുവഴി ആയിരിക്കും യാത്ര. ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇത്തവണ ഉണ്ടാവില്ല. വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും.

Read Also: Horoscope Today October 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം; രാശിഫലം

പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാംപടിയിൽ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടിൽനിന്ന്‌ ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ്‌ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടർ ഉണ്ടായിരിക്കും. സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമുണ്ടായിരിക്കില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ നിന്നും ലഭിക്കും. ഭക്തർക്ക് സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook