scorecardresearch

ശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി; വെര്‍ച്വല്‍ ക്യൂവിൽ ഇതിനകം ബുക്ക് ചെയ്തത് പത്തു ലക്ഷത്തിലധികം പേര്‍

തീര്‍ഥാടന കാലത്ത് 470 കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും, വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ചെറുവിമാനം ഇറക്കുന്നതിനുള്ള സൗകര്യം ഉടന്‍

Sabarimala, Sabarimala Pilgrimage, Devaswom Department, ശബരിമല, ശബരിമല തീർത്ഥാടനം, Kerala News, Malayalam News, IE Malayalam
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ഫൊട്ടോ: പിആർഡി

ശബരിമല: ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളും, വിവിധ വകുപ്പുകള്‍ കൂടി ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി മണ്ഡല മകരവിളക്ക് കാലത്തിനു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. കോവിഡ് 19 മഹാമരായുടെ പശ്ചാത്തലം നിലനില്‍ക്കുന്നതിനാലാണ് ഇത്തവണയും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നത്. 25000 പേര്‍ ദിവസേന വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തും. 15.25 ലക്ഷം വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അനുമതി നല്‍കിയിട്ടുള്ളതില്‍ പത്തു ലക്ഷത്തിലധികം പേര്‍ ഇതു വരെ ബുക്ക് ചെയ്തു കഴിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ആവശ്യമായ നിയന്ത്രണം പാലിച്ചില്ലായെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം വളരെ വലുതായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവരുത്. സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാധ്യമായ ഫണ്ടുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 185 കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ഇതര സംസ്ഥാനത്തു നിന്നു വരുന്ന ഭക്തര്‍ക്കായി ഏഴ് ഇടത്താവളങ്ങള്‍ സ്ഥാപിക്കും. ഇവ 150 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ തീര്‍ഥാടന കാലത്ത് 470 കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ 140 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തും. 100 ഓര്‍ഡിനറി ബസുകളും 40 എസി ബസുകളുമാണ് സര്‍വീസ് നടത്തുക. നിലയ്ക്കലില്‍ ആരോഗ്യ വകുപ്പ് കോവിഡ് ടെസ്റ്റ് കേന്ദ്രം സ്ഥാപിക്കും.

Also Read: ശബരിമല: ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; തീർഥാടകർ വാക്‌സിന്‍, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ കരുതണം

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശബരിമല ആശുപത്രികള്‍ പ്രവര്‍ത്തിക്കും. അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്ഥാപിക്കും. പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ തീര്‍ഥാടകര്‍ക്ക് തടസം സൃഷ്ടിക്കാത്ത രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തീര്‍ഥാടന കാലത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും.

ദക്ഷിണേന്ത്യയിലെ ചീഫ് സെക്രട്ടറിമാരുമായും ദേവസ്വം മന്ത്രിമാരുമായും ചര്‍ച്ച നടത്തി സംസ്ഥാനം എങ്ങനെയാണ് മണ്ഡലകാലത്ത് പ്രവര്‍ത്തിക്കുക എന്ന് ബോധ്യപ്പെടുത്തും. ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയ്ക്കാണ് ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കൂടുതല്‍ ജാഗ്രത ആരോഗ്യമേഖല സ്വീകരിക്കണം. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന് മറ്റു മാര്‍ഗങ്ങള്‍ കൂടി തേടണം. അവയ്ക്ക് പണം ആവശ്യമെങ്കില്‍ എം എല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ബള്‍ബുകള്‍ കെഎസ്ഇബി സ്ഥാപിക്കണമെന്ന് അഡ്വ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വാട്ടര്‍ അതോറിറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു കൂടി വേഗത്തിലും കാര്യക്ഷമവുമാക്കണമെന്നും എംഎല്‍എ പറഞ്ഞു.

Also Read: സ്കൂള്‍ തുറക്കല്‍: ക്ലാസുകള്‍ ബയോ ബബിള്‍ അടിസ്ഥാനത്തില്‍; മാര്‍ഗനിര്‍ദേശങ്ങള്‍

അപകട സാധ്യതയുള്ള കുളികടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഗവ ചീഫ് വിപ്പ് എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മണ്ഡലകാലത്ത് ആവശ്യമായ സ്റ്റാഫുകളെ നിയോഗിക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു.

ഇരുപത്തി ആറാം മൈല്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തണം ഉടന്‍ നടത്തണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. പുനരുദ്ധാരണം വേഗത്തില്‍ നടക്കുന്നില്ലെങ്കില്‍ തീര്‍ഥാടകര്‍ക്ക് പോകാന്‍ അടിയന്തരമായി മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ചെറുവിമാനം ഇറക്കുന്നതിനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. ചെറുവിമാനം ഇറക്കുന്നതോടെ ശബരിമലയുടെ മുഖഛായ തന്നെ മാറുമെന്നും എംഎല്‍എ പറഞ്ഞു. ഭക്തജനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എന്‍ വാസു പറഞ്ഞു. അപ്പം, അരവണ എന്നിവ തയാറാക്കുന്നതിനുള്ള സാധനങ്ങളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി. കടകളുടെ ടെന്‍ഡര്‍ ഉടന്‍ നടക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala pilgrimage actions taken minister k radhakrishnan

Best of Express