പത്തനംതിട്ട: ശബരിമല ദർശനത്തിന് സുരക്ഷ തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി ടി.നാരായണൻ. വാഹന പരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തി വിടുകയുളളൂ. പരിശോധനയിൽ കുഴപ്പക്കാരെ കണ്ടെത്തിയാൽ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതൽ സന്നിധാനം വരെ ശക്തമായ പൊലീസ് കാവലുണ്ടെന്നും എസ്പി പറഞ്ഞു.
ശബരിമല സംഘർഷത്തിൽ 545 കേസുകളിലായി ഇതുവരെ 3731 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്തിരആട്ടത്തിരുനാൾ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്. ദക്ഷിണ മേഖല എഡിജിപി അനിൽകാന്തിനാണ് സുരക്ഷ ചുമതല. എഡിജിപി എസ്.ആനന്ദകൃഷ്ണനാണ് പൊലീസ് ജോയിന്റ് കോ-ഓർഡിനേറ്റർ.
സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐജി എം.ആർ.അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐജി അശോക് യാദവും മേൽനോട്ടം വഹിക്കും. 10 വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. കമാൻഡോകളടക്കം 2300 ഓളം പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
50 കഴിഞ്ഞ സ്ത്രീകൾ പ്രതിഷേധവുമായി എത്താൻ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് 50 കഴിഞ്ഞ വനിത പൊലീസിനെ സന്നിധാനത്ത് ആവശ്യമെങ്കിൽ വിന്യസിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.