കൊച്ചി: ശബരിമലയിൽ മാസപൂജ കാലത്തും വിശേഷാൽ പൂജയ്ക്കും സ്വകാര്യ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ ഹൈക്കോടതിയുടെ അനുമതി. പമ്പയിൽ പാർക്കിങ് പാടില്ല. തീർത്ഥാടകരെ പമ്പയിൽ ഇറക്കി വാഹനങ്ങൾ മടങ്ങണം. ദർശനത്തിനു ശേഷം വാഹനങ്ങൾ തിരികെ വിളിച്ച് തീർഥാടകർക്ക് മടങ്ങാം.

തീർഥാടകരുടെ ദുരിതം കണക്കിലെടുത്ത് സ്വകാര്യ വാഹനങ്ങൾ പമ്പ വരെ അനുവദിക്കണമെന്ന അഡ്വക്കേറ്റ് കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വാഹനങ്ങൾ പമ്പ വരെ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു.

Read Also: ശബരിമലയിലെ സാഹചര്യം മാറി, വിവാദം അവസാനിച്ചു: നിയമനിര്‍മ്മാണം വേണ്ടെന്ന് പി.എസ് ശ്രീധരന്‍പിളള

നട തുറക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മുതൽ തീർഥാടകരെ പമ്പയിലേക്ക് വിടണം. മാസപൂജ കാലത്ത് കുറഞ്ഞത് ഇരുപതിനായിരം തീർഥാടകർ എത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് പൊലീസിന് ഉചിതമായ നിയന്ത്രണം ഏർപ്പെടുത്താമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

മാസപൂജയ്ക്ക് നട തുറക്കുന്ന നാളെ  മുതൽ കോടതി ഉത്തരവ് നിലവിൽ വരും. നിലവിൽ നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.