scorecardresearch
Latest News

നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു

legislative assembly, udf, ldf, ie malayalam, നിയമസഭ, എൽഡിഎഫ്, യുഡിഎഫ്, ഐഇ മലയാളം
പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ സഭ പ്രക്ഷുബ്ധം. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ച് പുറത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. പി.കെ.ബഷീറും വി.ജോയിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്.

വനിത മതിലിനെ ‘വർഗ്ഗീയ മതിലെ’ന്ന് പറഞ്ഞ എം.കെ.മുനീറിന്റെ പരാമർശത്തിനെതിരെയായിരുന്നു ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. വർഗ്ഗീയ മതിൽ ജനങ്ങൾ പൊളിച്ചു മാറ്റുമെന്നായിരുന്നു മുനീറിന്റെ പരാമർശം. മുനീർ പ്രസ്താവന പിൻവലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഭരണപക്ഷത്തിന്റെ ആവശ്യം മുനീർ തള്ളി.

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഒരക്ഷരം പോലും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ വ്യക്തമാക്കി. നാട്ടിലുളള ആളുകൾ മുഴുവൻ വർഗ്ഗീയം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും താൻ പറയുമ്പോൾ മാത്രം എന്തിന് പിൻവലിക്കണമെന്നും മുനീർ ചോദിച്ചു. സ്ത്രീകൾ വർഗ്ഗീയ വാദികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മുനീർ പറഞ്ഞു.

വർഗ്ഗീയ മതിലെന്ന പരാമർശം മുനീർ പിൻവലിച്ച് നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. നോട്ടീസ് ചെയർ വായിച്ചപ്പോൾ വാർഗ്ഗീയ മതിൽ എന്ന വാചകം ഒഴിവാക്കിയാണ് വായിച്ചത്.

അതിനിടെ, പ്രതിപക്ഷ എഎൽഎമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മൂന്ന് എംഎൽഎമാരുടെ സത്യാഗ്രഹ സമരം. അതേസമയം, ശബരിമല വിഷയത്തിൽ സമര തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാവിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചിരുന്നു. പിന്നീട് സഭ പുനരാരംഭിച്ചെങ്കിലും നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടർന്നു. ശബരിമല വിഷയം ഉന്നയിച്ചാണ് ഇന്നും പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തിയത്. ചോദ്യോത്തര വേള ബഹിഷ്കരിച്ച് സഭ വിട്ട യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ചോദ്യോത്തരവേള നടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala opposition protest in legislative assembly