കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കർമ്മ സമിതി സംസ്ഥാനത്തൊട്ടാകെ നടത്തിയ ഹർത്താലിൽ ആകെ 266 പേർ അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ “ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ” എന്ന പേരിലാവും പുരോഗമിക്കുക.

ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങൾ തുടരുന്നതിനിടെ ഇതുവരെ 500 ലേറെ പേർ പൊലീസ് പിടിയിലായി. സംസ്ഥാനത്തൊട്ടാകെ 334 പേർ കരുതൽ തടങ്കലിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ വിവിധ അക്രമങ്ങളിൽ 266 പേര്‍ അറസ്റ്റിലായി. ഇവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുന്നത്.

ബ്രോക്കൺ വിൻഡോയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലാ മേധാവികൾക്കും കീഴിൽ പ്രത്യേക സംഘം രൂപീകരിച്ച് അറസ്റ്റുകളുണ്ടാവും. ശബരിമലയിലേക്ക് പോകുന്നവരെ തിരിച്ചറിയാൻ സ്പെഷൽ ബ്രാഞ്ചാണ് രംഗത്തിറങ്ങുന്നത്. അറസ്റ്റിലാകുന്നവരുടെ പേരുവിവരങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കും. ഇവരുടെ ഫോട്ടോകൾ ഉൾപ്പെടുത്തി ആൽബവും തയ്യാറാക്കും.

ഇതിന് പുറമെ സമൂഹ മാധ്യമങ്ങളിലും ശക്തമായ നിരീക്ഷണമാണ് നടക്കുന്നത്. ഇതിന് പുറമെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും വഴിയിൽ തടയുകയും അക്രമം നടത്തുകയും ചെയ്യുന്നവർക്ക് എതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.