പത്തനംതിട്ട: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീർത്ഥാടനം നടത്തുക.

ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം. കോവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്ച്വൽക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താം.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി. മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Read More: ശബരിമല തീർത്ഥാടനം: മല കയറുന്ന നേരത്ത് മാസ്‌ക് നിർബന്ധമല്ല

പന്തളം, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് സാധാരണ പമ്പ സർവീസുകൾ ഉണ്ടാകും. 30-ൽ കൂടുതൽ തീർഥാടകർ എത്തിയാൽമാത്രമേ അധിക ബസ് ഉണ്ടാകൂ. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഇല്ല.

തീർഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. പമ്പയിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ എത്തി പാർക്കുചെയ്യണം. നിലയ്ക്കലിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കും. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണഅ. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. യാത്രയിൽ മാസ്‌ക് നിർബന്ധമാണ്, സാമൂഹിക അകലം പാലിക്കണം. കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്.

പമ്പാ സ്‌നാനം ഇല്ല. ഷവർ സജ്ജം. സത്രീകൾക്ക് പ്രത്യേക കുളിമുറി ഉണ്ടായിരിക്കും. 150 ശൗചാലയങ്ങൾ. ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡുവഴി ആയിരിക്കും യാത്ര. ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇല്ല. വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും.

പമ്പയിൽനിന്ന് 100 രൂപയ്ക്ക്‌ ചൂടുവെള്ളം സ്റ്റീൽകുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പി തിരികെനൽകി പണം വാങ്ങാം. കാനന പാതയിൽ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണവും ഉണ്ടായിരിക്കും.

പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാംപടിയിൽ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടിൽനിന്ന്‌ ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ്‌ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടർ ഉണ്ടായിരിക്കും.

സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമുണ്ടായിരിക്കില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ നിന്നും ലഭിക്കും. ഭക്തർക്ക് സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook