പമ്പ: കുംഭമാസ പൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറക്കും. ഇന്നു പൂജകൾ ഒന്നുമില്ല. നാളെ രാവിലെ 5 ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 17 ന് രാത്രി 10 നാണ് നട അടയ്ക്കുക. 17 വരെ എല്ലാ ദിവസവും കളകാഭിഷേകം ഉണ്ടായിരിക്കും.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ ദർശനത്തിന് എത്തിയാൽ പ്രതിഷേധിക്കുമെന്ന ശബരിമല കർമ്മ സമിതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.

അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മൂന്നു എസ്‌പിമാരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പൊലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിട്ടുളളത്.

സന്നിധാനവും പമ്പയും നിലയ്ക്കലും പൊലീസ് വലയത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയിൽ എച്ച്.മഞ്ജുനാതിനും നിലയ്ക്കലിൽ പി.കെ.മധുവിനും ആണ് സുരക്ഷാ മേൽനോട്ട ചുമതല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.