തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഉമ്മൻചാണ്ടി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ ഇത് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനല്ല പ്രധാനമന്ത്രി ശ്രമിച്ചത്, മറിച്ച് വിഭാഗീയത ആളിക്കത്തിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ നിയമനിർമാണത്തെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയില്ല. ഈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തത കുറവില്ല. യുഡിഎഫ് നിലപാട് സുപ്രീം കോടതി വിധിക്ക് ശേഷമെടുത്തതല്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചു.
“ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റേയും നിലപാട് ഒന്നാണ്. യുഡിഎഫ് വിശ്വാസികളോടൊപ്പമാണ്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാണ് യുഡിഎഫിന്‍റെ നിലപാട്” ഉമ്മന്‍ചാണ്ടി പറഞ്ഞു.
അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘർഷങ്ങൾ ആളിക്കത്തിച്ചത് ബിജെപിയും ആർഎസ്എസുമാണ്. എരിതീയിൽ എണ്ണയൊഴിച്ചാണ് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങിയത്. പുനപരിശോധന ഹർജിയിൽ വിശ്വാസികൾക്ക് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ നിയമ നിർമ്മാണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.