തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിരുത്തരാവദപരവും തെറ്റിദ്ധാരണാജനകവുമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ 1991 ലെ ഹൈക്കോടതി വിധി തെറ്റായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ നിലപാട് ഹൈക്കോടതിയെ ജനമധ്യത്തില്‍ താറടിക്കുന്നതാണെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചു നല്‍കിയ സത്യവാങ്മൂലമാണ് സുപ്രീം കോടതി വിധിയിലേക്കു നയിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനവും പൂജകളും മറ്റ് ചടങ്ങുകളും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചായിരിക്കണം. 1991 ലെ മഹീന്ദ്രന്‍ കേസിലെ വിധിയില്‍ പറയുന്നത് അങ്ങനെയാണ്. എന്നാല്‍ ഇക്കാര്യം ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സ്ത്രീകളില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു മാത്രമാണ് നിയന്ത്രണം. അത് ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു സമുദായത്തില്‍ വിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തര്‍ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

മഹീന്ദ്രന്‍ കേസില്‍ വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല അയ്യപ്പഭക്തര്‍ സവിശേഷമായ മതവിഭാഗമായതിനാല്‍, ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതേ അഭിപ്രായം തന്നെയാണ് ഇന്ദുമല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.