പത്തനംതിട്ട: തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇക്കുറി വിവാദങ്ങൾ കുറവും തീർത്ഥാടനം സുഗമവുമായതോടെ ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർധനയായിരുന്നു. മിക്ക ദിവസങ്ങളിലും ലക്ഷത്തിലധികം പേർ മലചവിട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ നടവരവ് 234കോടി രൂപയാണ്. അന്തിമ കണക്കിൽ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണിൽ ഇത് 167 കോടിയായിരുന്നു. എന്നാൽ, വിവാദങ്ങളില്ലാതിരുന്ന 2017-18 വർഷത്തിൽ വരുമാനം 260 കോടിയായിരുന്നു.

തിങ്കളാഴ്ച രാത്രി ഒമ്പതിന് അത്താഴപൂജയോടെ ഭക്തരുടെ ദർശനം പൂർത്തിയായി. തുടർന്ന് മാളികപ്പുറം മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നു. ഭൂതഗണങ്ങളുടെ പ്രീതിക്കായാണ് ഗുരുതി നടത്തുന്നതെന്നാണ് വിശ്വാസം. റാന്നി അങ്ങാടി കുന്നയ്ക്കാട് അജിത്കുമാർ, ജെ.ജയൻ, രതീഷ്കുമാർ എന്നിവരുടെ കാർമികത്വത്തിലാണ് ഗുരുതി നടത്തിയത്.

മാളികപ്പുറത്ത് ഗുരുതി നടത്തിയപ്പോൾ

മടക്കഘോഷയാത്രയ്ക്കായി തിരുവാഭരണങ്ങൾ പേടകത്തിലാക്കി കിഴക്കേമണ്ഡപത്തിലേക്കു മാറ്റി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനു നടതുറന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ. കെ.സുധീർ നമ്പൂതിരിയും ചേർന്ന് അഷ്ടാഭിഷേകം ചെയ്ത് അയ്യപ്പനെ ഒരുക്കി.

തുടർന്ന് തിരുവാഭരണവാഹകരെത്തി പ്രാർഥിച്ച് പേടകം ശിരസിലേറ്റി. ശരണം വിളികളോടെ പതിനെട്ടാംപടി ഇറങ്ങിയ ശേഷമാണ് പ്രതിനിധി ഉത്രം നാൾ പ്രദീപ്കുമാർ വർമ ദർശനത്തിന് എത്തിയത്. ദർശനം പൂർത്തിയായ ശേഷമാണ് മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി നട അടച്ചത്.

ഫൊട്ടോ: ഉണ്ണി, ടിഡിബി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.