കൊച്ചി: അമ്പത് വയസിനു താഴെയുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ ദർശനാനുമതിയില്ലെന്ന നിർദേശത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനായുള്ള വെർച്വൽ ക്യൂ നടത്തിപ്പും നിയന്ത്രണവും പൂർണമായും പൊലീസിന്റെ അധീനതയിലാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. 2010 മുതൽ പൊലീസാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞവർഷം വരെ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത് വരുന്നതിനു പുറമെ  അല്ലാതെയും ഭക്തർക്കു വരാമായിരുന്നു. ഈ വർഷം ഭക്തരുടെ എണ്ണം നിയന്ത്രിക്കേണ്ടതുള്ളതുകൊണ്ടാണ് വെർച്വൽ ക്യൂ സംവിധാനം വഴി വരണമെന്ന് പറയുന്നത്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് ദേവസ്വം ബോർഡിന് അറിയില്ല.  കോവിഡുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങളല്ലാതെ മറ്റൊന്നും ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല,” എൻ വാസു പറഞ്ഞു.

Read Also: ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത ശക്തമാക്കാന്‍ തീരുമാനം

അൻപത് വയസിൽ താഴെയുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനം നിലവിലില്ലാത്ത  വിഷയമാണെന്നും എൻ വാസു പറഞ്ഞു. ഇക്കാര്യം ബോർഡിനു മുന്നിൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ ആരും ഉന്നയിച്ചിട്ടില്ല. അതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ട ഘട്ടം വന്നുകഴിഞ്ഞാൽ എന്ത് തീരുമാനമെടുക്കണമെന്ന് അപ്പോൾ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വെർച്വൽ ക്യൂ നിർദേശത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പൊലീസിനോട് തന്നെ ചോദിച്ചാൽ മതിയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

“ശബരിമല ദർശനം സംബന്ധിച്ച് എന്താണ് പുതിയൊരു കാര്യം കണ്ടുപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇപ്പോൾ അങ്ങനെയാരു വിഷയം അവിടെയില്ലല്ലോ. അങ്ങനെയാരു വിഷയം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണോ? ഒരുപക്ഷേ അൻപത് വയസിനു താഴെയുള്ള ആരെങ്കിലും ചിലപ്പോൾ അപേക്ഷിച്ചിട്ടുണ്ടാവും. അങ്ങനെ അപേക്ഷിക്കേണ്ടതില്ല, നേരത്തെയുള്ള നില തുടരുമെന്ന് പറഞ്ഞതാവാം. നിലവിൽ അങ്ങനെയാണല്ലോ പോയ്‌ക്കൊണ്ടിരിക്കുന്നത്. അങ്ങനെ ആരെങ്കിലും എടുത്തുപറഞ്ഞാൽ അതിൽ വലിയൊരു സംഭവമെന്താ,” മന്ത്രി ചോദിച്ചു.

അൻപത് വയസിനു താഴെയുള്ളവർക്കു പ്രവേശനമില്ലെന്ന നിർദേശം സംബന്ധിച്ച് വെർച്വൽ ക്യൂ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. പ്രതികരണം ലഭ്യമാകുന്ന മുറയ്ക്ക് അതുകൂടി വാർത്തയിൽ ഉൾപ്പെടുത്തുന്നതാണ്.

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം വഴിയാണ് ഇപ്പോൾ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 3,000 ഭക്തർക്കും മറ്റ് ദിവസങ്ങളിൽ രണ്ടായിരം പേർക്കുമാണ് സന്ദർശനാനുമതി. ഭക്തർക്ക് പേര് റജിസ്റ്റർ ചെയ്യാൻ നൽകിയിരിക്കുന്ന വെർച്വൽ ക്യൂ വെബ്‌സെെറ്റിലാണ് 50 വയസ്സിനു താഴെയുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനാനുമതിയില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഗെെഡ്‌ ലെെനിൽ മൂന്നാമത്തെ നിർദേശമായാണ് ഇത് നൽകിയിരിക്കുന്നത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന 2018 ലെ വിധി ചോദ്യം ചെയ്‌തുകൊണ്ടുള്ള പുനഃപരിശോധന ഹർജികളാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.