പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാൻ കഴിഞ്ഞ ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിൻവച്ചു. ദേവസ്വം ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ‘ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം’ എന്ന പേരാണ് കഴിഞ്ഞ ബോർഡിന്റെ കാലത്ത് ‘ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രം’ എന്നു മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പിൻവലിച്ചതോടെ ‘ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം’ എന്ന പേരിൽ ക്ഷേത്രം അറിയപ്പെടും.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് കഴിഞ്ഞ ബോർഡ് ക്ഷേത്രത്തിന്റെ പേര് മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. അയ്യപ്പസ്വാമി ശ്രീധർമശാസ്താവിൽ വിലയം പ്രാപിച്ചതാണ്, അതിനാൽ അയ്യപ്പ സ്വാമി ക്ഷേത്രം എന്നതാണ് ശരിയായ പേര്. മാത്രമല്ല ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രം എന്ന ഒരു ക്ഷേത്രം മാത്രമേയുളളൂ. എന്നാൽ ധർമ്മശാസ്താ ക്ഷേത്രം എന്ന പേരിൽ സംസ്ഥാനത്തും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും ക്ഷേത്രമുണ്ട്. അതുകൂടി കണക്കിലെടുത്താണ് ‘ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രം’ എന്ന പേര് സ്വീകരിച്ചതെന്നായിരുന്നു പേര് മാറ്റാനുളള കാരണമായി ബോർഡ് പറഞ്ഞത്. ഇതുസംബന്ധിച്ച വിജ്ഞാപനം അന്നുതന്നെ പുറപ്പെടുവിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം എന്ന പേര് തന്നെ വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചതായി ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ