പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.
ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. ഇന്ന് പൂജകള്‍ ഒന്നും തന്നെ ഇല്ല. ചൊവ്വാഴ്ച പുലർച്ചെ നെയ്യഭിഷേകം തുടങ്ങും. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറന്നിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസം സന്നിധാനത്ത് എത്തിയിരുന്നത്. ഓണത്തിന്റെ പൂജകള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 13 ന് രാത്രിയാണ് ശബരിമല നട അടച്ചിരുന്നത്.
സുരക്ഷയ്ക്കായി 600 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഓരോ എസ്പിമാരുടെ കീഴിലും 200വീതം പൊലീസുകാരാണുള്ളത്. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.