പമ്പ: ശബരിമലയില്‍ മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരുമെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള യാത്ര ആരംഭിച്ചത്.
തങ്ക അങ്കി ഘോഷയാത്ര ശബരിമലയില്‍ എത്തുന്നതിനോട് അനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിമുതല്‍ ഒന്നര വരെ പമ്പ – നിലക്കല്‍ ശബരിമല പാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഉച്ചയ്ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തിലേക്ക് പോകുന്നതിനും നിയന്ത്രണമുണ്ട്.
പമ്പയിലാണ് തീര്‍ത്ഥാടകര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും സന്നിധാനത്തെ കൊടിമരച്ചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്നായിരിക്കും തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുക.
Also Read: തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഇന്ന് ക്രിസ്മസ്; കരുതലോടെ ആഘോഷങ്ങള്‍