സന്നിധാനം: ശബരിമല ക്ഷേത്രത്തിലെ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ 27ാം തീയതി ഉച്ചക്ക് 12 മണിക്ക് നടക്കും. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആചാര പൂര്‍വ്വം കൊണ്ടുവരുന്ന തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 451 പവന്‍ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ട് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര, 26 ന് ഉച്ചയോടെ പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേരും.

ഇവിടെ നിന്നും വൈകുന്നേരം 3 ന് സന്നിധാനത്തേക്ക് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് ,പടി കയറി തങ്ക അങ്കിയുമായി മുകളിലെത്തുമ്പോള്‍ കൊടിമരച്ചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം വകുപ്പ്സെക്രട്ടറി, ദേവസ്വം കമ്മീഷണര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ച് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലേക്ക് കൊണ്ടുപോയി നട അടയ്ക്കും. തുടര്‍ന്ന് തങ്കയങ്കിചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

ദീപാരാധന തൊഴാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരായിരിക്കും സന്നിധാനത്ത് എത്തിച്ചേരുക. 27ന് ഉച്ചയ്ക്ക് 12 മണിക്കാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. 26ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിചേരുന്ന തങ്കയങ്കി ഘോഷയാത്രയുടെ ഭാഗമായി അന്നേദിവസം ഭക്തര്‍ക്കായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26-ാം തീയതി 1മണിക്ക് ഉച്ചപൂജയ്ക്ക്ശേഷം നടയടച്ച് ക്ഷേത്രതിരുമുറ്റം കഴുകി വൃത്തിയാക്കും. 1 മണി മുതല്‍ വൈകുന്നേരം ദീപാരാധനകഴിയുന്നത് വരെ അയ്യപ്പ ഭക്തരെ ദര്‍ശനത്തിനായി തിരുമുറ്റത്തേക്ക് കടത്തിവിടുകയില്ല. 1 മണിക്ക് അടക്കുന്ന നട വൈകുന്നേരം 4 മണിക്കായിരിക്കും തുറക്കുക.

തങ്കയങ്കി ഘോഷയാത്ര ശരംകുത്തിയില്‍നിന്ന് സ്വീകരിച്ച് ആനയിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നത് വരെ ശരംകുത്തിയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല. ഘോഷയാത്രയുടെ ഭാഗമായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നും ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണമുണ്ടാകും. 27ന് പുലര്‍ച്ചെ 3മണിക്ക് തിരുനട തുറന്ന് നിര്‍മ്മാല്ല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മണ്ഡലപൂജകഴിഞ്ഞ് അടക്കുന്ന ക്ഷേത്രനട വൈകുന്നേരം 3മണിക്ക് ദിവ്യ ദര്‍ശനത്തിനായി തുറക്കും. രാത്രി 9.30ന് അത്താഴപൂജ. രാത്രി 9.50 ന് ഹരിവരാസനംപാടി 10ന് ശ്രീകോവില്‍ നടയടക്കും.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്‍ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഈ ദിവസങ്ങളില്‍ ഒന്നേകാല്‍ലക്ഷത്തിലധികം ഭക്തര്‍ വീതം മലചവിട്ടിയതായാണ് പോലീസിന്റെ കണക്കുകള്‍. മണ്ഡലപൂജയോടനുബന്ധിച്ച് സന്നിധാനത്ത് വന്‍ഭക്തജന തിരക്ക് അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍. മണ്ഡല പൂജ കഴിയുന്നതു മുതല്‍ കെ എസ് ആര്‍ ടി.സി നിലക്കലിലേയ്ക്കും എല്ലാ ദീര്‍ഘദൂര റൂട്ടുകളിലേക്കും യഥേഷ്ടം ബസ്സ് സര്‍വ്വീസുകള്‍ നടത്തും. മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് 5 മണിക്ക് ആണ് ക്ഷേത്ര നടതുറക്കുക. ജനുവരി 14 ന് ആണ് മകരവിളക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.