ശബരിമല: ശബരിമലയിൽ നാളെ മണ്ഡലപൂജ. അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന ഇന്നു നടന്നു. ശബരിമല തന്ത്രിയും മേൽശാന്തിയും ചേർന്നാണ് തങ്ക അങ്കി പേടകം ഏറ്റുവാങ്ങിയത്. നാളെ മണ്ഡലപൂജയ്ക്കുശേഷം നട അടച്ചാൽ പിന്നെ ഡിസംബർ 30 ന് മകരവിളക്കിനാണ് നട തുറക്കുക.
നാളെ രാവിലെ 10 നും 11.40നും മധ്യേയാണ് മണ്ഡലപൂജ. അതിനാൽ പുലർച്ചെ 3.15 മുതൽ 9.30 വരെ മാത്രമാണ് നെയ്യഭിഷേകം. ഉച്ചയ്ക്ക് ഒന്നിനു അടയ്ക്കുന്ന ക്ഷേത്രനട വൈകിട്ട് 4 ന് വീണ്ടും തുറക്കും. ഹരിവരാസനം പാടി രാത്രി 10 ന് നട അടയ്ക്കും. മണ്ഡലപൂജ ദർശനത്തിന് സോപാനത്തും തിരു നടയിലും പൊലീസ് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ റെക്കോർഡ് വർധനവാണ്. കഴിഞ്ഞ വർഷത്തെക്കാൾ 50 കോടി രൂപയുടെ അധിക വർധനവാണ് ഈ വർഷം. ഡിസംബർ 25 വരെയുള്ള കണക്ക് പ്രകാരം 156 കോടിയുടെ വരുമാനമാണുണ്ടായത്. അരവണ വിൽപനയിൽ നിന്ന് 67 കോടിയിലധികവും അപ്പത്തിൽ നിന്ന് ഒമ്പത് കോടിയിലധികവും വരുമാനം ലഭിച്ചു.