കോവിഡ് മഹാമാരിയുടെ അതിപ്രസരം മൂലം രണ്ട് തവണ നഷ്ടമായ മണ്ഡല മകരവിളക്ക് മഹോത്സവം ഇത്തവണ നടന്നത് ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞ സന്നിധാനത്തില്‍. ശരണംവിളികളുമായെത്തിയ ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകിയായിരുന്നു പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 75,000 പേര്‍ക്കായിരുന്നു ഇത്തവണ പ്രവേശനം.


പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകുന്നേരം അഞ്ചരയോടുകൂടിയാണ് ശരംകുത്തിയിലെത്തിയത്. ദേവസ്വം ജീവനക്കാരും പൊലീസും ചേര്‍ന്നായിരുന്നു സ്വീകരിച്ചത്. ആറരയോടെയാണ് ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ദേവസ്വം അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി.


സോപാനത്തില്‍ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര്, മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി. തിരുവാഭരണം സന്നിധാനത്ത് എത്തിയതോടെ ദീപാരാധനയ്ക്കായി ശബരിമല ഒരുങ്ങി.


തീരുവാഭരണം ചാര്‍ത്തി ദീപാരാധന ആരംഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു മകരജ്യോതി തെളിഞ്ഞത്. പിന്നീട് ശരണം വിളികളുമായി മകരവിളക്ക് ദര്‍ശിക്കുന്നതിനായി ഭക്തര്‍ പൊന്നമ്പലമേട്ടിലേക്ക് ഉറ്റുനോക്കി. വൈകാതെ തന്നെ മകരവിളക്ക് തെളിയുകയും ഭക്തര്‍ എതിരേല്‍ക്കുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു മകരസംക്രമപൂജ. പൂജാവേളയില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്തു.

ഹരിവരാസനം പുരസ്കാരം
സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഹരിവരാസന പുരസ്കാരം ആലപ്പി രംഗനാഥനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് സമ്മാനിച്ചു. സംഗീതത്തിലൂടെ മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. 2012 ലാണ് ആദ്യമായി പുരസ്കാരം ഏര്‍പ്പെടുത്തിയത്. പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനായിരുന്നു പ്രഥമ പുരസ്കാരം നല്‍കിയത്. തന്റെ ജീവിതത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്കാരമെന്നും മനുഷ്യര്‍ ഒന്നാണെന്ന പ്രപഞ്ചസത്യം വിളിച്ചോതുന്ന അയ്യപ്പന്റെ തിരുനടയില്‍ പുരസ്കാരം സ്വീകരിക്കാനായത് പുണ്യമാണെന്നും ആലപ്പി രംഗനാഥന് പറഞ്ഞു.