Latest News

മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; വൻ ഭക്തജന പ്രവാഹം

ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം മകരവിളക്കിനായി ഒരുങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയയാണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.

ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്.ഇവിടെ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും.

14 ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ വച്ച് ഉടച്ച ശേഷം, തന്ത്രി കണ്ഠര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്തു മകരസംക്രമപൂജ നടത്തും. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം വൈകുന്നേരം മൂന്നിന് അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര നട വൈകിട്ട് അഞ്ചിന് തുറക്കും.

തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാട്. ശരംകുത്തിയിൽ വച്ച് ആചാരാനുഷ്ഠാന പ്രകാരമുള്ള സ്വീകരണത്തിനു ശേഷം കൊണ്ടുവരുന്ന തിരുവാഭരണ പേടകം പതിനെട്ടാം പടിക്കു മുകളിൽ കൊടിമരത്തിന് മുന്നിലായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനു മുന്നിലേക്ക് കൊണ്ടു പോകും. ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന 6.30ന് നടക്കും.

ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രിയോടെ മണി മണ്ഡപത്തിൽ നിന്നുള്ള എഴുന്നളളത്തിനും തുടക്കമാകും. തിങ്കളാഴ്ച എരുമേലി പേട്ടതുള്ളൽ നടക്കും. ചൊവ്വാഴ്ച തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടും.

മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങുന്ന ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷകണക്കിന് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മാത്രം വെർച്ച്വൽ ബുക്കിങ് വഴി 49,846 തീർത്ഥാടകരാണ് എത്തിയത്. മണ്ഡല-മകരവിളക്ക് ദർശനത്തിനായി തുറന്നതിൽ പിന്നെ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനത്തിനെത്തിയത് ശനിയാഴ്ച ആയിരുന്നു.

അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പത്തീരായിരത്തിന് മുകളിൽ തീർത്ഥാടകർ ശബരിമലയിലെത്തിയതായാണ് കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടായിട്ടുണ്ട്. വെർച്ച്വൽ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ദർശനത്തിന് എത്തിയിരുന്നു.

ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കോവിഡ് ലോക്ഡൗൺ ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ അയ്യപ്പഭക്തർ എത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീർത്ഥാടന കാലം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല ഭക്തി ലഹരിയിലാവുകയാണ്. പടി കയറാൻ നീണ്ട നിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരെത്തുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഇപ്പോൾ ദർശന സൗകര്യം ഒരുക്കുന്നുണ്ട്.

മകരജ്യോതി ദർശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തവണ ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹിൽടോപ്പിൽ 2000 മുതൽ 5000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളിൽ, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12ന് ആരംഭിക്കും. തിരുവാഭരണ ഘോഷയാത്ര ഏറ്റവും പ്രൗഢിയോടെയും ചിട്ടയോടെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം ബോർഡ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പേട്ട തുള്ളലും പമ്പാ സദ്യയുമുൾപ്പെടെയുള്ള ചടങ്ങുകൾക്കും ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala makaravilakku large influx of devotees

The moderation of comments is automated and not cleared manually by malayalam.indianexpress.com