ശബരിമല: ഭക്തിയുടെ പാരമ്യത്തിൽ ശബരിമല സന്നിധാനം. ഇന്ന് മകരവിളക്ക്. ശബരിമലയില്‍ അനുനിമിഷം തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മകരവിളക്ക് കണ്ട് സായൂജ്യം അടയാനുള്ള കാത്തിരിപ്പിലാണ് ലക്ഷകണക്കിന് അയ്യപ്പഭക്തര്‍. പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ മകരവിളക്ക് കാണാനുള്ള കാത്തിരിപ്പിലാണ് അന്യസംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തരും.

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. വെെകിട്ട് 6.45 നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുക. പുലർച്ചെ മുതൽ സന്നിധാനത്ത് എത്തുന്നവർ അവിടെ തന്നെ തങ്ങാനാണ് സാധ്യത. മകരവിളക്ക് കണ്ട ശേഷമായിരിക്കും കൂടുതൽ പേരും മലയിറങ്ങുക. അതിനാൽ തന്നെ സന്നിധനാനത്ത് തിരക്ക് വർധിക്കും. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പർണശാലകൾ ഉണ്ട്.

Read Also: Horoscope Today January 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശബരിമലയിൽ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും എല്ലാ അയ്യപ്പഭക്തർക്കും മകരവിളക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ വലിയ പൊലീസ് സന്നാഹമാണ് ശബരിമലയിലുള്ളത്. പമ്പ ഹിൽട്ടോപ്പിൽ മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ വിളക്ക് ദർശിക്കാൻ തീർത്ഥാടകർ പ്രവേശിക്കുന്നത് വിലക്കി കലക്ടർ പി ബി നൂഹ് ഉത്തരവിറക്കി. മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പടുത്തിയിട്ടുണ്ട്.

മകരവിളക്ക് തീർഥാടനം കഴിഞ്ഞ് അയ്യപ്പ ക്ഷേത്രനട അടയ്ക്കുന്നത് 21നായിരിക്കും. ദേവസ്വം ബോർഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച് 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തു നിന്ന് അഞ്ച് ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാൽ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാൽ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ.

Read Also: ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ഇവിടെ നടക്കുകയാണെന്ന് രജിത് കുമാര്‍

20ന് നടയടച്ചാൽ അത് ആചാരലംഘനമാകുമെന്നതിനാൽ അത് പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നൽകിയതിനെത്തുടർന്നാണു നീട്ടിയത്. ഇതനുസരിച്ചു 19 വരെ നെയ്യഭിഷേകം ഉണ്ട്. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്നു കളഭാഭിഷേകവും നടക്കും. തീർഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി 20നു നടക്കും. അന്നു വരെ മാത്രമേ തീർഥാടകർക്കു ദർശനമുള്ളൂ. 21നു രാവിലെ ഏഴിനു നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.