Mandala Pooja at Sabarimala Temple, Kerala: ശബരിമല തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് മകരവിളക്ക്. ഈ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിയിലേക്ക് എത്താറുളളത്. വിപുലമായ രീതിയിൽ ഉത്സവവും വിശേഷാൽ പൂജകളും ഈ ദിവസം നടക്കും.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് പതിനെട്ടു ലക്ഷം ആളുകളാണ് മകരവിളക്കിന് സന്നിധാനത്ത് എത്തിയത്. എന്നാൽ മണ്ഡര മകരവിളക്ക് വരെ ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെയും ഇന്നുമായി സന്നിധാനത്ത് . ശബരിമല ഇക്കുറി വിവാദങ്ങളുടെ നടുവിലായിരുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശബരിമലയില്‍ ഭക്തജന തിരക്ക് കുറവാണ്. നീണ്ട പന്ത്രണ്ട് വർഷത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ലോകശ്രദ്ധ നേടിയ വിവാദങ്ങളിലേക്ക് നയിച്ചത്.

ഈ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിലും കൂടുതല്‍ തിരക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറന്നപ്പോള്‍ അനുഭവപ്പെട്ടിരുന്നു.  ശനിയാഴ്ച പമ്പ വഴി സന്നിധാനത്തില്‍ എത്തിയത് 50,000ത്തോളം ഭക്തരാണ്.  ഇന്നും, മകരവിളക്ക് ദിനമായ നാളെയുമായി തിരക്ക് വര്‍ദ്ധിക്കും എന്നാണു കരുതുന്നത്.

എന്താണ് മകരവിളക്ക് ഉത്സവം?

മകരമാസത്തിലെ ആദ്യ ദിവസമാണ് മകരവിളക്ക് ഉത്സവം നടക്കുന്നത്. സൂര്യന്‍ ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനം ആരംഭിക്കുന്നതാണ് മകരസംക്രാന്തി എന്ന് അറിയപ്പെടുന്നത്. രാജ്യമൊട്ടാകെ പുണ്യദിവസമായി കണക്കാക്കപ്പെടുന്ന ഈ ദിവസമാണ് ശബരിമലയില്‍ മകരവിളക്ക്.  പ്രത്യേക പൂജകള്‍, ശുദ്ധിക്രിയകള്‍ എന്നിവ മകരസംക്രാന്തിയ്ക്ക് മുന്നോടിയായി സന്നിധാനത്ത് നടക്കും.

ശാസ്താവിന്റെ വിഗ്രഹത്തിൽ ചാർത്താനുളള തിരുവാഭരണങ്ങള്‍, രണ്ടു ദിവസം മുന്‍പ്  പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി പുറപ്പെട്ട് മകരവിളക്ക്‌ ദിവസം സന്നിധാനത്തെത്തും.  ഈ തിരുവാഭരണങ്ങള്‍ വൈകിട്ട് ആറര മണിയോടെ ശാസ്താവിന്റെ വിഗ്രഹത്തിൽ ചാര്‍ത്തിയാണ് അന്നത്തെ ദീപാരാധന.

Read More: മകരവിളക്ക് ഉത്സവം: ശബരിമലയിലേക്കുളള വാഹനങ്ങൾക്ക് നിയന്ത്രണം

Sabarimala, Sabarimala Women entry, Sabarimala Women, Supreme Court Review Plea, Review petitions Sabarimala,

Sabarimala Makaravilakku 2019: ശബരിമലയിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തർ

ആകാശത്തില്‍ തെളിയുന്ന മകര നക്ഷത്രം

സൂര്യന്‍ ധനുരാശിയില്‍ നിന്നും  മകരരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് ഇത്.   ശാസ്താവിന്റെ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തുന്ന സമയത്തോടടുത്ത് ആകാശത്ത് ‘മകര നക്ഷത്രം’ എന്നറിയപ്പെടുന്ന, സൗരയൂഥത്തിലെ തിളക്കമേറിയ നക്ഷത്രങ്ങളില്‍ ഒന്നായ  സിറിയസ് ദൃശ്യമാകുന്നു.

പൊന്നമ്പലമേട്ടിലെ മകര വിളക്ക്

ദീപാരാധനയ്ക്ക് പിന്നാലെ, ശാസ്താവിന്റെ മൂലസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന പൊന്നമ്പല മേട്ടിൽ തെളിയുന്ന ദീപമാണ് മകര വിളക്ക്. മൂന്ന് തവണയാണ് ദീപം തെളിയുക. മലയിൽ താമസിച്ചിരുന്ന ആദിവാസികളാണ് വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തിയിരുന്നത്. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. എന്നാൽ ദീപാരാധന സമയത്ത് പൊന്നമ്പല മേട്ടിൽ ദീപം തനിയെ തെളിയുന്നതാണെന്ന വിശ്വസിക്കുന്നവരുമുണ്ട്.

അയ്യപ്പന്‍റെ തിരുവാഭരണം

പന്തളം രാജാവ് അയ്യപ്പന് സമർപ്പിച്ച തിരുവാഭരണങ്ങൾ ചാർത്തിയാണ് മകരസംക്രമ ഉത്സവത്തിന് നട തുറക്കുന്നത്. പന്തളം കൊട്ടാരത്തിലെ നിലവറയിൽ സൂക്ഷിക്കുന്ന തിരുവാഭരണങ്ങൾ വൃശ്ചികം ഒന്നിന് പുറത്തെടുത്ത് ഭക്തർക്ക് ദർശനത്തിനായി പ്രദർശിപ്പിച്ചിരുന്നു. പന്തളം കൊട്ടാരത്തിൽ നിന്നും ജനുവരി 11 (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുളള ഘോഷയാത്ര പുറപ്പെട്ടിട്ടുണ്ട്. ഇരുപത്തിയഞ്ചു പേര്‍ അടങ്ങുന്ന തിരുവാഭരണത്തെ അനുഗമിക്കുന്നത്.  പന്തളത്തിനു നിന്നും പുറപ്പെട്ടു ളാഹയിലെത്തി പിന്നീട് വലിയാനവട്ടം വഴിയാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുക.

 

മകരവിളക്കിനായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍

ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ടു കേരളാ പോലീസ് വിന്യസിച്ചിരിക്കുന്നത്.  സായുധ പോലീസ്, തണ്ടര്‍ ബോള്‍ട്ട് സേന, എന്നിവയും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സേവനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.  ശബരിമലയില്‍ പാര്‍ക്ക് ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ന് വൈകിട്ട് നാല് മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടു വരെ നിയന്ത്രണങ്ങള്‍ ഉണ്ട്.  സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍, എരുമേലി, വടശ്ശേരിക്കര, ളാഹ, എന്നിവടങ്ങളില്‍ പാര്‍ക്ക് ചെയ്തു ശേഷം കെ എസ് ആര്‍ ടി സി നടത്തുന്ന പ്രത്യേക ചെയിന്‍ സര്‍വീസ് ബസുകളില്‍ പമ്പയിലേക്ക് എത്താം.

മകരവിളക്ക് ഉത്സവം അവസാനിക്കുന്നത് എങ്ങിനെ?

കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിനെത്താത്ത വർഷം വിവാഹം കഴിക്കുമെന്നാണ് സ്വാമി അയ്യപ്പൻ മാളികപ്പുറത്തമ്മയ്ക്ക് നൽകിയിരിക്കുന്ന വാക്ക്. അതിനാൽ ഓരോ മകരവിളക്ക് ദിവസവും വിവാഹം കഴിക്കുമോയെന്നറിയാൻ മാളികപ്പുറത്തമ്മ അയ്യപ്പന്റെ മുന്നിലെത്തും. ദീപാരാധനയും മകരജ്യോതിയും കഴിഞ്ഞാൽ സർവ്വാഭരണ വിഭൂഷിതയായ മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും.

പിന്നീടാണ് ‘വേട്ട വിളി’ എന്ന ചടങ്ങ് നടക്കുന്നത്. ‘കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ?’ എന്ന് വിളിച്ച് ചോദിക്കും. ശരംകുത്തിയാലില്‍ ചെന്ന് നോക്കാന്‍ ശാന്തിക്കാരന്‍ മാളികപ്പുറത്തമ്മയോട് ആവശ്യപ്പെടും. കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയാലിൽ ശരം കുത്തണമെന്നത് നിർബന്ധമായും പാലിക്കേണ്ട ആചാരമാണ്.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് മാളികപ്പുറത്തമ്മയെ ശരംകുത്തിയാലിലേക്ക് എഴുന്നളളിക്കുന്നത്. ശരംകുത്തിയാലില്‍ മാളികപ്പുറം എത്തുമ്പോൾ അവിടം നിറയെ ശരങ്ങൾ കുത്തി വച്ചിരിക്കും. അതിനാൽ തന്നെ ഇത്തവണയും വിവാഹം നടക്കില്ലെന്ന് മാളികപ്പുറത്തമ്മയ്ക്ക് ബോധ്യമാകും. അതോടെ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ മാളികപ്പുറത്തമ്മ തിരിച്ചെഴുന്നള്ളും.

Sabarimala Makaravilakku 2019: സന്നിധാനത്തെത്തിയ ഭക്തര്‍ (ഫയല്‍ ചിത്രം)

മകരവിളക്കിന് ശേഷം

ജനുവരി 19വരെ ഭക്തര്‍ക്കായി ശബരിമല നട തുറന്നിരിക്കും.  നട അടയ്ക്കുന്നതിന് മുന്നോടിയായി നെയ്യഭിഷേകം അവസാനിപ്പിച്ചു കൊണ്ടുള്ള കളഭാഭിഷേകം നടക്കും.  ഇതിനു ശേഷം മാളികപ്പുറത്ത് ഗുരുതിയും നടക്കും.  ജനുവരി 20ന് രാവിലെ, കുറച്ചു നേരത്തേക്ക്, പന്തളം രാജകുടുംബപ്രതിനിധിയുടെ ദര്‍ശനത്തിനു വേണ്ടി ശബരിമല നട തുറക്കും.   ഇതിനു പുറകേ, തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരികെ കൊണ്ട് പോകും.

Read More: മല കയറി, കാടിനുളളിലൂടെ അയ്യനെ കാണാൻ ഒരു തീർത്ഥയാത്ര

ശബരിമല സ്പെഷൽ ട്രെയിനുകൾ

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം പ്രമാണിച്ച് ഭക്തരുടെ സൗകര്യാർത്ഥം ചെങ്ങന്നൂരിൽ ട്രെയിനുകൾക്ക് താൽകാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പ്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നും കാക്കിനാടയിൽ നിന്നുമാണ് കൊല്ലം വരെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാക്കിനാടയിൽ നിന്ന് കൊല്ലത്തേക്കുളള ട്രെയിൻ സുവിധ ട്രെയിനാണ്.

Read More: ഈ ട്രെയിനുകളെ കുറിച്ച് കൂടുതൽ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.