/indian-express-malayalam/media/media_files/uploads/2018/12/Sabarimala-KSRTC-Service-Nilakkal.jpg)
പമ്പ: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി പൊലീസ്. ജനുവരി 13 മുതൽ ശബരിമലയിലേക്ക് എത്തുന്നവർ കെഎസ്ആർടിസി വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
നിലവിൽ പമ്പയിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാലും വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുളളതിനാലുമാണ് നിയന്ത്രണം. ഇതിന് പുറമെ നിലയ്ക്കലിൽ കൂടുതൽ വാഹനങ്ങൾ എത്തുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 13ന് വൈകിട്ട് നാല് മണി മുതൽ ജനുവരി 15 വരെ എത്തുന്ന തീർത്ഥാടകർ എരുമേലിയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോകാം.
എരുമേലിയിലെ പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ നിറയുന്ന മുറയ്ക്ക് പാലാ-പൊൺകുന്നം റോഡിൽ ഇളംങ്ങുളം അമ്പലം ഗ്രൗണ്ടിലും, റോഡിന്റെ ഇടത് വശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതുമാണ്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന തീർത്ഥാടകർക്ക് പൊൺകുന്നത്ത് നിന്ന് കെഎസ്ആർടിസി ബസ് സൗകര്യം ഉപയോഗപ്പെടുത്താം.
ഇടുക്കി ജില്ലയിൽ നിന്ന് മുണ്ടക്കയം വഴി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ വണ്ടിപ്പെരിയാർ, വണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങൾ ഉപയോഗപ്പെടുത്താം. എരുമേലി, പൊൻകുന്നം, വണ്ടിപ്പെരിയാർ എന്നീ സ്ഥലങ്ങളിൽ കെഎസ്ആർടിസി ചെയിൻ സർവീസും ഏർപ്പെടുത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.