ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതി വിശാല ബഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഭരണഘടന അവകാശങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുന്നത്.

ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? 25–ാം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള ധാർമികതയുടെ അർഥം എന്താണ്? പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നൽകുന്നത് ശരിയോ? എന്നീ വിഷയങ്ങളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ഇന്ന് മുതൽ തുടർച്ചയായി വിഷയത്തിൽ വിശാല ബഞ്ച് വാദം കേൾക്കും. ഇരു വിഭാഗങ്ങൾക്കും അഞ്ച് ദിവസം വീതം വാദിക്കാൻ നൽകും, പരമാവധി ഏഴ് ദിവസം വരെയും. ഓരോ ഭാഗത്തെയും പ്രധാന അഭിഭാഷകരുടെ വാദത്തിനു മാത്രമായി ഒരു ദിവസം നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.