തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തിലേക്ക് വരുന്നതിനെ കുറിച്ച് നടത്തിയ പ്രസ്താവന തിരുത്തി ദേവസ്വം മന്ത്രി. ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസമില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ പ്രസ്താവന.

‘ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസ്സമില്ല. ബോധപൂര്‍വം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടത്’ എന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുതെന്നും അക്കാര്യം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്നായിരുന്നു മന്ത്രി രാവിലെ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. ആക്ടിവിസ്റ്റ് ആയതുകൊണ്ട് ആര്‍ക്കും സന്ദര്‍ശനം നിഷേധിക്കില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. കോടിയേരിയുമായി കടകംപള്ളി സംസാരിച്ചതിന് ശേഷമാണ് മന്ത്രി തന്റെ പ്രസ്താവന തിരുത്തിയത്.

അതേസമയം, ശബരിമലയിലെത്തിയ രഹനാ ഫാത്തിമ എന്ന ആക്ടിവിസ്റ്റിന് പിന്നില്‍ ബിജെപിയുടെ ആസൂത്രണമുണ്ടോ എന്ന് സംശയിക്കുന്നതായിരും കടകംപള്ളി പറഞ്ഞു. ആ യുവതിയുടെ സുഹൃത്തുക്കളും മറ്റും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അതില്‍ നിന്നാണ് സംഭവം ആസൂത്രണം ചെയ്തതാണെന്ന സംശയം വന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശബരിമല വിഷയത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമം. അതില്‍ നിന്നു പിന്മാറണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ