തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ശബരിമല ഒരിക്കൽകൂടി മുഖ്യ ചർച്ചാ വിഷയമായി ഉയർന്നു കഴിഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കുന്നതിന് നിയമ നിർമാണം നടത്തുമെന്ന് നേരത്തെ തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പ്രത്യേക ശബരിമല നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് യുഡിഎഫ് ഇപ്പോൾ.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം നടപടിയെന്ന സിപിഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
Also Read: യുഡിഎഫ് തന്ത്രത്തിൽ വീഴില്ല; ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം
ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്നതാണ് നിര്‍ദിഷ്ട നിയമമെന്ന് കരട് രൂപം. ശബരിമലയുടെ ആചാരങ്ങള്‍ സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടേതാവും. തന്ത്രിയുടെ അനുമതിയോടെ മാത്രമേ ശബരിലയിലെ ഏതു കാര്യവും നടക്കാവൂവെന്നും കരട് നിയമത്തില്‍ പറയുന്നു.
യുവതി പ്രവേശനത്തിലടക്കം നിയമം മൂലം കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Also Read: നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ഈ പ്രശ്‌നം പരിഹരിക്കാതെ എത്രകാലം മുന്നോട്ട് പോകാനാകും. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട്‌പോകാനുള്ള സിപിഎം തന്ത്രം ഒരിക്കലും അംഗീകരിക്കില്ല. പുതിയ നിയമ നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകണം. അവര്‍ അത് ചെയ്യില്ലെങ്കില്‍ യുഡിഎഫ് അത് ചെയ്യുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രനും പറഞ്ഞിരുന്നു.