തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ വിലയിരുത്തല്‍. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചെന്നും അതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്നും സംസ്ഥാന എക്‌സിക്യൂട്ടിവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ ഏകീകരണം നടന്നതും തോല്‍വിക്ക് കാരണമായി. ശബരിമല വിഷയത്തില്‍ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ശബരിമല തിരിച്ചടിയായെന്ന് പറയുമ്പോഴും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ സിപിഐ തള്ളി പറയുന്നില്ല.

Read More: ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു: പിണറായി വിജയന്‍

ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വിലയിരുത്തി. ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പരാമര്‍ശമുണ്ടായി. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായി. ന്യൂനപക്ഷ വോട്ടുകള്‍ ഒരിടത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടു. മാത്രമല്ല, ബിജെപിയുടെ വളര്‍ച്ച ആശങ്കയുണ്ടാക്കുന്നു. ഇതിന് ശബരിമല കാരണമായി. എതിരാളികളുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ പൂര്‍ണമായി ചെറുക്കാന്‍ സാധിച്ചില്ലെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി. എന്നാല്‍, ശബരിമല നിലപാടില്‍ സിപിഎമ്മും ഉറച്ചുനില്‍ക്കുകയാണ്. നിലപാട് മാറ്റുമെന്ന സൂചന സിപിഎം കേന്ദ്ര കമ്മിറ്റിയിലുമുണ്ടായില്ല. ശബരിമല വിഷയത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

Read More: ‘ഷര്‍ട്ട് മാറുന്നതുപോലെ ശൈലി മാറ്റാനാകില്ല’; പിണറായിയെ പിന്തുണച്ച് കാനം

കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു എന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഉന്നയിച്ചിരുന്നു.  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നല്ല രീതിയില്‍ നടന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഇപ്പോള്‍ തിരിച്ചറിവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് പ്രത്യേക അകല്‍ച്ച ഉണ്ടെന്ന് തോന്നുന്നില്ല. ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തതാണ് യുഡിഎഫ് വിജയത്തിന് കാരണം. അല്ലാതെ ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് അകല്‍ച്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘മണ്ഡലകാലം മറക്കാതിരിക്കാന്‍’; ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ കോടതി

ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തി. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കിയതിനെയാണ് ചിലര്‍ വിശ്വാസികള്‍ക്ക് എതിരായ പ്രവര്‍ത്തനമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇത് വോട്ടര്‍മാരെയും തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ക്കിപ്പോള്‍ യാഥാര്‍ഥ്യം മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം മറ്റത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.