ശബരിമല: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല അടക്കമുളളവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതികരണവുമായി ദേവസ്വം മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അറസ്റ്റിനെ ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വാഭാവികമായി ഇന്ന് മുതല്‍ മകരവിളക്ക് വരെ ഏകദേശം ഏഴ് കോടിയോളം ഭക്തന്മാര്‍ വരേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യം ശബരിമലയിലെ വിശ്വാസത്തിന് പോലും ഹാനി ഉണ്ടാക്കുകയാണ്. അധികാരത്തിന്റെ ഗര്‍വുളളവര്‍ തന്ത്രിയേയും രാജകുടുംബത്തേയും പോലും അടച്ചാക്ഷേപിച്ചാല്‍ കുഴപ്പമില്ലെന്ന് വിചാരിക്കുന്നുണ്ട്. അത് കേരളത്തിനും വിശ്വാസത്തിനും ഹാനി ഉണ്ടാകും. അറസ്റ്റ് ചെയ്ത നടപടി ശരിയല്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവരെത്തുന്നത്. ആ വിശ്വാസം നിലനിര്‍ത്തണം,’ പ്രയാര്‍ പറഞ്ഞു.

‘പമ്പയില്‍ നീരൊഴുക്ക് തന്നെയില്ല. നീരൊഴുക്കിനായി കക്കയം ഡാം തുറക്കണം. എന്നാല്‍ ഡാം തുറന്നാല്‍ ആറിന്റെ വശത്തുളള മണ്‍ചാക്കുകള്‍ ഒഴുകിപ്പോകും. ഈ വക കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ല. വേണ്ടത്ര ക്രമീകരണങ്ങള്‍ ഉടനെ ചെയ്യണം. നിയന്ത്രണങ്ങള്‍ ഭക്തരെ ബാധിക്കുന്നുണ്ട്. പക്ഷെ സുരക്ഷയുടെ കാര്യത്തില്‍ അതിര് വിട്ട് നിര്‍ബന്ധം പിടിക്കാനാവില്ല,’ പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇന്നലെ വൈകിട്ട് 7.30 തോടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമർജൻസി വാഹനത്തിലാണ് കെ.പി ശശികലയെ പമ്പ സ്റ്റേഷനിലേക്ക് മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.