പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം തുടരുന്ന നിലയ്ക്കലില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.വന്‍തോതിലുളള പ്രതിഷേധമാണ് പല സംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്നത്. ശബരിമലയിലേക്കെത്തുന്ന ഭക്തരെ പ്രതിഷേധക്കാര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ആന്ധ്രയില്‍ നിന്നുളള കുടുംബത്തെ പൊലീസ് വലയത്തില്‍ പമ്പയിലേക്ക് കൊണ്ടുപോവാന്‍ ശ്രമം നടന്നു. 45 വയസ് പ്രായമുളള സ്ത്രീയും കൂട്ടത്തിലുണ്ടായിരുന്നു. മാധവി എന്ന യുവതിയാണ് കുടുംബത്തോടൊപ്പം മല ചവിട്ടുന്ന ആദ്യ യുവതി ആവാന്‍ എത്തിയത്.
ഇവരെ പൊലീസ വലയത്തില്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്നീട് പൊലീസ് സംരക്ഷണം നല്‍കിയില്ല. സ്വാമി അയ്യപ്പന് റോഡില്‍ വെച്ച് പൊലീസ് പിന്‍വലിഞ്ഞതോടെ ആന്ധ്ര കുടുംബം തിരികെ പോയി.
നിയമം ലംഘിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചുണ്ട്. വഴി തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി നിർദ്ദേശം നല്കി. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പ്രത്യേക പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചു. ഇവിടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഭക്തരെ തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു.
വടശ്ശേരിക്കര-നിലയ്ക്കല്‍, നിലയ്ക്കല്‍-പമ്പ റൂട്ടുകളിലും വാഹനപരിശോധന തടയുന്നതിന് വനിതാ പൊലീസ് ഓഫീസര്‍മാരെ അടക്കം വിന്യസിച്ചിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി പ്രസ്താവനയില്‍ അറിയിച്ചു.
സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നിലയ്ക്കലിൽ നടക്കുന്ന പ്രതിഷേധത്തിനിടെ പൊലീസ് വാഹനമടക്കം തടഞ്ഞ എട്ട് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്. ഇവർ മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുകയാണ്. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവർത്തകർ നിലയ്ക്കലിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തൽ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.
ബുധനാഴ്ച പുലർച്ചെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരേ കൈയ്യേറ്റ ശ്രമമുണ്ടായതായും റിപ്പോർട്ടുണ്ട്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർ ചൊവ്വാഴ്ച രാത്രിയിൽ നിലയ്ക്കലിൽ വാഹനം തടഞ്ഞ് തമിഴ്നാട് സ്വദേശികളായ ദന്പതികളെ മർദിച്ചിരുന്നു. പന്പയിലും നിലയ്ക്കലിലുമായി കൂടുതൽ പൊലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാർ തെരുവിലിറങ്ങുകയായിരുന്നു.
അതേസമയം, പന്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികൾ നിരോധിച്ച് പൊലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീർഥാടകരുമായി വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പാർക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളിൽ പന്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങൾ പന്പയിലേക്കു കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.