കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ വാദം തുടരും. ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ വിലക്കാനാകില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. വിവിധ വാദങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തത്.

ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ നിരവധി വാദങ്ങളുണ്ട്. മലയരയരുടേതാണെന്നും ബുദ്ധമത ക്ഷേത്രമാണെന്നും വാദിക്കുന്നവരുണ്ട്. ഓരോ വര്‍ഷവും നിരവധി മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയില്‍ മറ്റ് മതങ്ങളുടെ കൂടി അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട് എന്നിവയും ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുണ്ട്.

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹര്‍ജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടികാട്ടി പി.സി.ജോർജ്ജ് എംഎൽഎ സമര്‍പ്പിച്ച ഹര്‍ജിയും ബഞ്ച് ഇന്ന് പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.