പത്തനംതിട്ട: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ച പ്രത്യേക യോഗം ഇന്ന് ചേരും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട സംഘടനകളെയും തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയുമാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാരം നിർവാഹക സമിതിയും അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കാണ് യോഗം.

ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് രാജകുടുംബം അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ പന്തളം രാജകുടുംബത്തിന്റെ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും. നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ച തുടരില്ലെന്നും ശശികുമാര വർമ്മ വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുമെന്ന് അയ്യപ്പ സേവാ സംഘവും അറിയിച്ചിട്ടുണ്ട്. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയവരെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് രംഗത്തുവന്നത്. തുലാമാസ പൂജകൾക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുൻപ് പ്രശ്ന പരിഹാരത്തിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിൽനിന്നും പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിന്മാറിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.