തിരുവനന്തപുരം: നിയമസഭയിൽ മൂന്നാം ദിനവും ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. ശബരിമലയില്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നിരോധനാഞ്ജ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ ഭരണപക്ഷം ചോദ്യോത്തരവേള ആരംഭിച്ചു.
എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കര്‍ ഇടപെട്ടു. തുടര്‍ച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഒരേ വിഷയത്തിന്‍മേലുളള പ്രതിഷേധം സഭാനടപടികളെ ബാധിക്കുന്നുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. തുടര്‍ന്ന് പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.